സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റയില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയ ചില മനുഷ്യരിലുള്ള നന്മ ലോകത്തോട് വിളിച്ച് പറഞ്ഞതിനാണ് കഴിഞ്ഞ കുറെ നാളുകളായി താന്‍ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത്. എത്ര വിചിത്രമായ ലോകമാണ് എന്ന് തനിക്ക് ചിന്തിക്കേണ്ടി വരുന്നതായും ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പറഞ്ഞു. ‘നമ്മള് കാരണം ആരും വേദനിക്കരുത്. മുതിര്‍ന്നവരെ ആദരപൂര്‍വ്വം വേണം നോക്കിക്കാണുവാന്‍. ബഹുമാനത്തോടെ വേണം അവരോട് പെരുമാറുവാന്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നമ്മുടെ നെഞ്ചില്‍ ഏറുന്നത് വരെ പറഞ്ഞ് മനസിലാക്കി തരുകയും അത് പ്രാവര്‍ത്തികമാക്കാന്‍ നിരന്തരമുള്ള ശ്രമം അവരുടെ ജീവിത വഴിയില്‍ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്.
അതുകൊണ്ട് തന്നെ ആത്മാര്‍ഥമായി പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. നമ്മള് ആരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റിലുമുള്ള എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാവും. നമുക്ക് ഇല്ലാത്ത ഒട്ടേറെ ഗുണങ്ങള്‍ അവരില്‍ ഉണ്ടായിരിക്കും അത് കണ്ടെത്തുക എന്നത് അത്ര വലിയ കാര്യമല്ല. പ്രയാസമേറിയ കാര്യം ഒന്നുമല്ല. ആ കണ്ടെത്തുന്ന നന്മകള് പരത്തുക എന്നതിലും വലിയ പ്രയാസം ഒന്നുമില്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഒരുപക്ഷേ രൂക്ഷമായിട്ടുള്ള വാക്കുകളിലുള്ള വിമര്‍ശനവും അല്ലെങ്കില്‍ കയ്പ്പേറിയ അനുഭവങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണ് എന്ന് അറിയാമോ? ഞാന്‍ എന്റെ അനുഭവത്തിലൂടെ ഉത്തമ ബോധ്യത്തോടെ എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരില്‍ ഞാന്‍ കണ്ടെത്തിയ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞു എന്ന ഒറ്റ കാരണത്താലാണ്. എത്ര വിചിത്രമായ ലോകമാണ് എന്ന് എനിക്ക് ചിന്തിക്കേണ്ടി വരുന്നുണ്ട്.’- ദിവ്യ എസ് അയ്യർ പറഞ്ഞു.
0 Comments