ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ചൊവ്വാഴ്ച ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ.
കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും ജിന്റോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. എക്സൈസ് നോട്ടീസ് അയച്ചിരുന്നു, അത് സ്വാഭാവിക നടപടി മാത്രമാണെന്നും ജിന്റോ പറഞ്ഞു. കൊച്ചിയിൽ മോഡലായ സൗമ്യയ്ക്കും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഹാജരാകാനാണ് സൗമ്യയ്ക്ക് നോട്ടീസ്. സൗമ്യയ്ക്ക് തസ്‌ലിമയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്.
0 Comments