പാലാക്കാരുടെ 'കൈപ്പുണ്യമുള്ള ഡോക്ടര്‍' ജോര്‍ജ് മാത്യു പുതിയിടം അന്തരിച്ചു. മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ വോളിബോള്‍ താരവും മിമിക്രി കലാകാരനുമായിരുന്നു. കൈവച്ച മേഖലകളില്ലാം സൂപ്പര്‍ താരമായിരുന്ന പാലാക്കാരുടെ ജനപ്രിയ ഡോക്ടര്‍ ഇനി ഓര്‍മ്മ


                     

പാലാക്കാരുടെ കൈപ്പുണ്യമുള്ള ഡോ. ജോര്‍ജ് മാത്യു പുതിയിടം (വര്‍ക്കിച്ചന്‍ -73) വിടവാങ്ങി. പൈക പുതിയിടം ആശുപത്രി ഉടമയാണ്. കാരിത്താസ് ആശുപത്രിയില്‍ പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം.


രോഗാതുരനാകുന്നതുവരെ കര്‍മ്മ നിരതനായിരുന്ന ഡോക്ടറെയാണ് നാടിനു നഷ്ടമായത്. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വസതിയില്‍ കൊണ്ടുവരുന്നതും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൈക പള്ളിയില്‍ സംസ്‌കാരം നടക്കുന്നതുമാണ്.

മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ വോളിബോള്‍ താരമായിരുന്നു ഡോ. ജോര്‍ജ് മാത്യു. ഏഴു വര്‍ഷം കേരള സ്റ്റേറ്റ് വോളിബോള്‍ ടീം , 4 വര്‍ഷം കേരള യൂണിവേഴ്സിറ്റി ടീം, ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമുകളില്‍ അംഗമായിരുന്നു. വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്, ജോസ് ജോര്‍ജ്, മുന്‍ ഐ ജി എ വി ഗോപിനാഥ്, ശ്രീധര്‍, അബ്ദുള്‍ ബാസിത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ജോര്‍ജ് മാത്യുവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തി ഏവരുടെയും മനം കവര്‍ന്നിരുന്നു.നല്ലൊരു മിമിക്രി കലാകാരനും കൂടിയായിരുന്നു ജോര്‍ജ് മാത്യു.

വോളിബോള്‍ പോലെ ജോര്‍ജ് മാത്യു മിന്നിത്തിളങ്ങിയ മേഖലകൂടിയാണ് ആതുരശുശ്രൂഷാ രംഗം. പൈക, പൂവരണി, എലിക്കുളം, കൊഴുവനാല്‍ പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടായാല്‍ ആദ്യം ഓടിയെത്തുക പുതിയിടം ആശുപത്രിയില്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ അടുത്തേക്കായിരുന്നു. ജോര്‍ജ് ഡോക്ടര്‍ നോക്കി മരുന്നു നല്‍കിയാല്‍ മാറാത്ത അസുഖങ്ങള്‍ ഇല്ലെന്നായിരുന്നു എന്നാണ് ഈ നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. അതൊരു കൈപ്പുണ്യം കൂടിയായിരുന്നു. ഇവിടെ എത്തുന്ന രോഗികള്‍ക്കെല്ലാം ഡോക്ടര്‍ പ്രിയ സുഹൃത്ത് കൂടിയായിരുന്നു.
 

ര്‍ക്കിച്ചന്റെ അമ്മ റോസമ്മ വൈദ്യരും ഇതേപോലെ തന്നെ നാട്ടുകാരുടെ പ്രിയ വൈദ്യയായിരുന്നു. തുടക്കകാലം മുതല്‍ തുശ്ചമായ തുക മാത്രമാണു ഫീസായി ജോര്‍ജ് മാത്യു വാങ്ങിയിരുന്നത്. ഒരു വൈറല്‍ പനി ആണെങ്കിലും പുതിയിടത്തു വന്നാല്‍ ഡോ. വര്‍ക്കിച്ചനെയും കണ്ട് 200 രൂപ മുടക്കിയാല്‍ മരുന്നുമായി തിരികെ പോകാമായിരുന്നു. അഥവാ പണം ഒന്നുമില്ലെങ്കിലും ചികിത്സിക്കും. ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്കു ആശ്രയമായിരുന്നു അദ്ദേഹം.

രാവിലെ തന്നെ ആശുപത്രിയില്‍ അദ്ദേഹം എത്തും. അപ്പോഴേയ്ക്കും രോഗികളുടെ വന്‍നിരതന്നെ ക്ലിനിക്കിനു മുന്നില്‍ ഉണ്ടായിരിക്കും. ഒരു മടുപ്പും കൂടാതെ അദ്ദേഹം രോഗികളോട് കുശലം പറഞ്ഞും അവരുടെ വിശേഷങ്ങള്‍ തിരക്കിയും ചികിത്സിച്ച് മരുന്ന് നല്‍കും. രാവിലെ ചികിത്സ ആരംഭിക്കുന്ന അദ്ദേഹം പലപ്പോഴും മടങ്ങി വീട്ടില്‍ പോയി ആഹാരം കഴിക്കുമ്പോള്‍ വൈകിട്ടു നാലുമണിയോട് അടുത്തിരിക്കും. ഇതിനിടെ കാപ്പി കുടിയും ഊണുമൊക്കെ സമയം തെറ്റി ആയിരിക്കും. പിന്നീട് വീണ്ടും മടങ്ങിയെത്തി രോഗികളെ പരിശോധിക്കും. അദ്ദേഹത്തിന്റെ ഈ ജീവിത രീതിയായിരുന്നു പിന്നീട് ഉദരസംബന്ധമായ അസുഖങ്ങള്‍ ബാധിക്കാന്‍ കാരണവും. സമയത്തു ഭക്ഷണമോ വിശ്രമവോ ഇല്ല. ആറുമാസം മുന്‍പാണു രോഗം ഗുരുതരമാകുന്നത്. പിന്നീട് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments