തിരുവനന്തപുരത്ത് വനിതാ ഐബി ഓഫീസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മുഴുവന്‍ ശമ്പളവും സുകാന്ത് തട്ടിയെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി, 2024 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, ശമ്പളം ബാങ്കില്‍ ക്രെഡിറ്റ് ആയാല്‍ തൊട്ടു പിറ്റേന്ന് തന്നെ മുഴുവന്‍ പണവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മില്‍ പ്രണയത്തിലായിരുന്നു.
എന്നാല്‍ പിന്നീട് സുകാന്തില്‍ നിന്നും യുവതി കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അനുഭവിച്ചിരുന്നതെന്ന്, ഐബി ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍, റൂം മേറ്റ്‌സ് തുടങ്ങി 30 ഓളം സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.<br><br>തിരുവനന്തപുരം പേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംകുമാറാണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ വിവാഹ വാഗ്ദാനം നല്‍കി സുകാന്ത്, ഐബി ഉദ്യോഗസ്ഥയായ യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍, യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുകാന്തിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
0 Comments