നീതിപീഠം തുണച്ചു. കടവുപുഴ പാലത്തിന് ശാപമോക്ഷമായി
പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലം പുനർ നിർമ്മിക്കുന്നതിന് 2 മാസത്തിനകം ഭരണാനുമതി നൽകണമെന്ന്
കേരളാഹൈക്കോടതി ഉത്തരവിട്ടു. മേലുകാവ്, മേച്ചാൽ പ്രദേശത്തുള്ളവർക്ക് മൂന്നിലവിലേക്കുള്ള യാത്രാമാർഗ്ഗമായ കടവുപുഴ പാലം 2021 ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നിരുന്നു. സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി.എൻ വാസവനും കെ.രാജനും പാലം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. പട്ടികവർഗ്ഗ ജനത അധിവസിക്കുന്ന മൂന്നിലവ് പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഒരു വർഷത്തെ തന്റെ എം.എൽഎ ഫണ്ട് മുഴുവൻ മാണി സി. കാപ്പൻ നീക്കിവെച്ചിരുന്നു. സാങ്കേതിക തടസ്സങ്ങൾ ഉയർത്തി പാലം പണി വൈകിയതിനെത്തുടർന്ന് മാണി സി കാപ്പൻ നിർദ്ദേശിച്ചതനുസരിച്ച് പഞ്ചായത്ത്പ്രസിഡന്റ് ചാർളി ഐസക് മേച്ചാൽ സ്വദേശി കീരിപ്ലാക്കൽ റോസമ്മ തോമസ് വഴി ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് വേണ്ട സഹായങ്ങൾ ചെയ്തു.
പരാതിക്കാരിക്കുവേണ്ടി അഡ്വ. ഉണ്ണി എസ് കാപ്പൻ , അഡ്വ. വി. എ ജോൺസൺ എന്നിവർഹാജരായി. സർക്കാരിനു വേണ്ടി ഹാജരായ ഗവൺമെന്റ് പ്ലീഡർമാരെ കേട്ടതിനു ശേഷമാണ് ജസ്റ്റിസ് സി.എസ് ഡയസ് വിധി പ്രസ്താവിച്ചത്. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എഞ്ചിനീയർ, എ ക്സിക്യൂട്ടീവ് എഞ്ചിനീയർ , കോട്ടയം ജില്ലാ കളക്ടർ , പാലാ ആർ.ഡി.ഒ., മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് കോടതി വിധിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്. അനാവശ്യ തടസ്സവാദങ്ങളുയർത്തി പാലം പണി വൈകിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് കടവുപുഴ പാലം അത്യാവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് ഒരു വർഷത്തെഎം.എൽ.എ ഫണ്ട് മുഴുവൻ ഇതിനായി നീക്കിവെച്ചതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. ഭരണാനുമതി നൽകാനുള്ള ഹൈക്കോടതി വിധി സന്തോഷം നൽകുന്നുവെന്നും എത്രയും വേഗം പാലം പണി പൂർത്തീകരിക്കാൻ കഴിയുമെന്നും മാണി സി. കാപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു.
0 Comments