കോട്ടയത്തെ ഇരട്ട കൊലപാതകത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം...


കോട്ടയം തിരുവാതുക്കല്‍ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സ്വഭാവദൂഷ്യം കാരണം ഇതര സംസ്ഥാന തൊഴിലാളിയെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. 


ഫോണ്‍ മോഷ്ടിച്ചതിനാണ് തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. വീട്ടിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ഹാർഡ് ഡിസ്ക് അപഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വീട്ടിലെ രണ്ട് നായകൾക്ക് എന്തോ നൽകിയിട്ടുണ്ട്. ഇവയെ അവശനിലയിൽ ആണ് കണ്ടെത്തിയത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments