ബിജെപി അംഗത്തിന്റെ സഹായത്തോടെ കിടങ്ങൂർ പഞ്ചായത്ത് ഭരണം അവിഹിതമായി എൽഡിഎഫ് കരസ്ഥമാക്കിയത് അപമാനകരം - മോൻസ് ജോസഫ് എംഎൽഎ .
താമര ചിഹ്നത്തിൽ വിജയിക്കുകയും ബിജെപി പാർട്ടി വിപ്പ് നൽകുകയും ചെയ്ത ഗ്രാമപഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ കിടങ്ങൂർ പഞ്ചായത്ത് ഭരണം അവിഹിത മാർഗ്ഗത്തിലൂടെ കരസ്ഥമാക്കിയ എൽഡിഎഫിന്റെ നടപടി തികച്ചും അപമാനകരവും ജനാധിപത്യവിരുദ്ധവുമാണന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി
കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ സിപിഐ (എം )- ജോസ് കെ മാണി കേരള കോൺഗ്രസ് വിഭാഗം പാർട്ടികൾക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തെ അതിജീവിക്കാൻ കുതിരക്കച്ചവത്തിലൂടെ താമര ചിഹ്നത്തിൽ വിജയിച്ച ഒരു പഞ്ചായത്ത് മെമ്പറെ ചാക്കിട്ട് പിടിച്ച് കാലുമാറ്റത്തിലൂടെയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാക്കിയെടുത്തത്. ബിജെപി പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് കൂറുമാറ്റം നടത്തിയതിലൂടെ സ്വയം അയോഗ്യനായി തീർന്ന ബിജെപി അംഗത്തിന്റെ പിന്തുണ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് , സ്ഥാനങ്ങൾ ഇടതുപക്ഷ മുന്നണി സംഘടിപ്പിച്ചത് ജനാധിപത്യ മൂല്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി. സിപിഎം- കേരള കോൺഗ്രസ് (എം )- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിലൂടെ നേടിയ രണ്ട് സ്ഥാനങ്ങളും രാജിവച്ച് മാനിത കാണിക്കാൻ എൽഡിഎഫ് നേതൃത്വം കർശന നിർദേശം നൽകാൻ തയ്യാറാകണം - മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
പ്രതിഷേധ സമരം സംഘടിപ്പിക്കും
ബിജെപി കൂട്ടുകെട്ടിനെതിരെ സദാചാരപ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന എൽഡിഎഫ് പാർട്ടികൾ സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ബിജെപിയുമായി അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കിയത് കിടങ്ങൂർ പഞ്ചായത്തിലെ യഥാർത്ഥ ജനവിധിയെ അട്ടിമറിക്കുന്ന നടപടിയാണ്. എൽഡിഎഫിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കും മൂല്യച്യുതിക്കുമെതെ കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ കിടങ്ങൂരിൽ സ്ഥാനം നേടിയ അവിശുദ്ധ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് മാഞ്ഞൂർ മോഹൻകുമാർ , കിടങ്ങൂർ മണ്ഡലം പ്രസിഡണ്ട് ഡോ. മേഴ്സി ജോൺ മൂലക്കാട്ട് എന്നിവർ പ്രസ്താവന അറിയിച്ചു.
0 Comments