പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി.


  പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് (എന്‍ബി ഡബ്ല്യു എല്‍)സ്ന്റാന്‍ഡിംഗ് കമ്മിറ്റിയുടെതാണ് നടപടി. ഇതോടെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനോട് ചേർന്ന ഭാഗമായ 9.526 ഹെക്ടര്‍ വനം ഉള്‍പ്പെടെ 134.1 ഹെക്ടര്‍ ഭൂമി ഹൈവേ നിര്‍മാണത്തിന് ഉപയോഗിക്കാനാകും. ബഫര്‍ സോണിന് പുറത്തുള്ള പരിസ്ഥിതി ലോല മേഖലയിലുൾപ്പെട്ട ഭാഗമാണിത്. ദേശീയോദ്യാനം പോലുള്ള ഒരു സംരക്ഷിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു നിശ്ചിത ദൂരത്തിനുള്ളില്‍ (സാധാരണയായി 10 കിലോമീറ്റര്‍) ഉള്ള ഒരു പ്രദേശത്തെയാണ് എക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍ ( പരിസ്ഥിതി ലോല മേഖല) എന്ന് വിശേഷിപ്പിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് നിര്‍ദ്ധിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്നത്. 121.006 കിലോമീറ്റര്‍ വരുന്ന പദ്ധതിക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് ജനുവരിയില്‍ കേരള നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ബിഡബ്ല്യുഎല്‍ അംഗീകാരം കൂടി സ്വന്തമാകുന്നത്. 

 സൈലന്റ് വാലി കാടുകളുടെ സമീപത്തുകൂടി കടന്നു പോകുന്ന പാത ആനകളുടെ സഞ്ചാര പാത തടസപ്പെടുത്തിയേക്കുമെന്ന് നേരത്തെ ആശങ്ക ഉണ്ടായിരുന്നു. നിലവില്‍ സംരക്ഷണ മേഖലയിലക്ക് പുറത്ത് കൂടിയാണ് പാത കടന്നു പോകുന്നത് എങ്കിലും മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിക്കാന്‍ പാത കാരണമാകരുതെന്ന് വന്യജീവി ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതുള്‍പ്പെടെ പരിഗണിച്ച് കല്‍വെര്‍ട്ടുകള്‍, വയഡക്റ്റുകള്‍, തുറന്ന ഡക്റ്റുകള്‍ എന്നിവയിലൂടെയാകും പാത കടന്നു പോകുക.



 സുവോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച് പരിസ്ഥിതിക്ക് ആഘാതം പരമാവധി കുറച്ചാണ് പാത നിര്‍മാണം പദ്ധതിയിടുന്നത്. 89.52 ചതുരശ്ര കിലോമീറ്ററാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രധാന ഭാഗം. ഈ പ്രദേശത്തിന് ചുറ്റുമുള്ള 148 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണായും പരിപാലിക്കുന്നു. ബഫര്‍ സോണ്‍ അതിര്‍ത്തിയില്‍ നിന്ന് 5.7 കിലോമീറ്റര്‍ മുതല്‍ 7.3 കിലോമീറ്റര്‍ വരെ മാറിയാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കടന്നുപോകുന്നത്. 
 അതേസമയം, റോഡ് നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ ജൈവവൈവിധ്യ സംരക്ഷണം , ആവാസ വ്യവസ്ഥ പുനഃസ്ഥാപനം, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണം എന്നിവയ്ക്കായി ദേശീയ പാത അതോറിറ്റി 88.88 കോടി രൂപ നഷ്ടപരിഹാര വനവല്‍ക്കരണ മാനേജ്മെന്റ് ആന്‍ഡ് പ്ലാനിംഗ് അതോറിറ്റിക്ക് നല്‍കണം. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തുക നല്‍കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ് ശേഖരിക്കുന്നതിനായി വനഭൂമി കുഴിക്കരുത്. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള സമയത്ത് പ്രവൃത്തികള്‍ നടത്തണം എന്നുമാണ് നിര്‍ദേശം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments