തനിക്ക് മലയാളവും കേരള രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരിഹാസത്തിന് ലൂസിഫര്‍ ഡയലോഗിലൂടെ മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘തൃശൂരില്‍ പഠിച്ച് വളര്‍ന്നയാളാണ് ഞാന്‍. രാജ്യം മൊത്തം നാഷണല്‍ സര്‍വ്വീസ് ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖറിന്റെ മകനാണ് ഞാന്‍. എനിക്ക് മുണ്ടുടുക്കാനും മടക്കി കുത്താനുമറിയാം. മലയാളം പറയാനുമറിയാം മലയാളത്തിന്‍ തെറി പറയാനും അറിയാം. എനിക്കറിയുന്നത് വികസന രാഷ്ട്രീയമാണ് ‘- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കണ്ണൂരില്‍ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു, രാജീവ് ചന്ദ്രശേഖരന് കേരള രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല, അതുകൊണ്ട് ഞങ്ങള്‍ ന്യായീകരിക്കുന്നത് അദ്ദേഹത്തിന് മനസിലായിട്ടില്ല എന്ന്. അത് ശരിയാണ്. 60 കൊല്ലം ജനങ്ങളെ വഞ്ചിച്ച അഴിമതിയും പ്രീണന രാഷ്ട്രീയവും എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്. അത് സിപിഎമ്മിന്റെ രാഷ്ട്രീയമാണ്.
എനിക്കറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. അവസരങ്ങളും തൊഴിലും നിക്ഷേപവും അറിയുന്ന രാഷ്ട്രീയമാണ് ഞങ്ങള്‍ ബിജെപിക്കാരുടേത്. ജനങ്ങളെ സേവിക്കാനും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് എനിക്കറിയുന്നത്. കോണ്‍ഗ്രസുകാര്‍ രാജീവ് ചന്ദ്രശേഖറിന് കേരളാ രാഷ്ട്രീയമറിയില്ലെന്ന് പറയുമ്പോള്‍ അത് 100 ശതമാനവും ശരിയാണ്. അവരുടെ രാഷ്ട്രീയം പഠിക്കാന്‍ എനിക്ക് ആഗ്രഹവുമില്ല. അവരത് പ്രിയങ്കാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ പഠിപ്പിച്ചോട്ടെ.’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘പിന്നെ എനിക്ക് മലയാളം അറിയില്ല എന്ന് പറഞ്ഞു.ഞാന്‍ തൃശൂരില്‍ വളര്‍ന്ന് പഠിച്ച ഒരാളാണ്. രാജ്യം മൊത്തം നാഷണല്‍ സര്‍വ്വീസ് ചെയ്ത വ്യോമസേന പട്ടാളക്കാരന്‍ എം കെ ചന്ദ്രശേഖറിന്റെ മകനാണ്. അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കില്‍ മുണ്ട് മടക്കി കുത്താനുമറിയാം. മലയാളം പറയാനും അറിയും. മലയാളത്തില്‍ തെറി പറയാനും അറിയും. ജനങ്ങള്‍ക്ക് വികസന സന്ദേശം മലയാളത്തില്‍ പറയാനുമറിയും. ഞാന്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും പഠിക്കാനല്ല വന്നിരിക്കുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ടുവരാനാണ്. അതിന് വേണ്ടി അധികാരം പിടിക്കാതെ മടങ്ങി പോകില്ലെന്ന് ഞാന്‍ അന്നും പറയുന്നു. ഇന്നും പറയുന്നു.’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കേരളം എന്താണെന്ന തിരിച്ചറിവില്ലെന്നും താന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
0 Comments