മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ... നിര്‍ണായകമായത് ഫോണ്‍ വിളികള്‍.


 ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ചതില്‍ നിര്‍ണായകമായത് ഫോണ്‍ വിളികള്‍. ലഹരി ഇടപാടുകാരന്‍ സജീറിനെ തേടിയാണ് ഡാന്‍സാഫ് സംഘം അന്ന് ഹോട്ടലില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ സജീറിനെ അറിയാമെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും സമ്മതിച്ചെങ്കിലും ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിന് സാധിച്ചില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. 

 ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് നടന്റെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പൊലീസ് രേഖപ്പെടുത്തിയത്. നടനെ ചോദ്യം ചെയ്യുന്നതിനായി 36 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിരുന്നു. നടന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ലഹരി ഇടപാടുകാരനുമായുള്ള ബന്ധം ആദ്യ നിഷേധിച്ചെങ്കിലും ഫോണ്‍ വിളി വിവരങ്ങള്‍ കാണിച്ചതോടെയാണ് സജീറിനെ അറിയാമെന്ന് നടന്‍ സമ്മതിച്ചത്. തുടര്‍ച്ചയായ ചോദ്യങ്ങളില്‍ നടന്‍ പതറി. ലഹരി ഇടപാടുകാരനുമായുള്ള ഫോണ്‍ വിളി എന്തിനെന്ന് വിശദീകരിക്കാന്‍ പോലും നടന് സാധിച്ചില്ല എന്നാണ് വിവരം.


 ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ പൊലീസ്, ഷൈന്‍ ഇറങ്ങി ഓടിയ ദിവസം മാത്രം സജീറുമായി 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിക്കുകയോ, കൈവശം വെയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈന്‍ നല്‍കിയ മൊഴി.  നിലവില്‍ താരത്തിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം സമ്മതിച്ചതിനെ തുടര്‍ന്നാണ് സെക്ഷന്‍ 27 ചുമത്തിയത്. സംഘം ചേര്‍ന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതോടെയാണ് ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നതിന് ചുമത്തുന്ന സെക്ഷന്‍ 29 പ്രകാരവും കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments