കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയിൽ.


കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്‍റെ കൺകറന്‍റ് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന സുധാകരൻ കെ 50,000 രൂപ കൈക്കൂലി  വാങ്ങവേ ശനിയാഴ്ച പിടിയിലായത്. 

എറണാകുളം പനമ്പള്ളി നഗർ സ്വദേശിയും, കേരളത്തിലെ വിവിധ ജില്ലകളിൽ സ്കിൽ ഡെവലപ്മെന്‍റ് സ്ഥാപനങ്ങൾ നടത്തിവരുന്നതുമായ പരാതിക്കാരൻ, മാവേലിക്കരയിലുള്ള കാനറാ ബാങ്കിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ലോൺ എടുത്തിരുന്നു.

 കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിലെ കൺകറന്‍റ് ഓഡിറ്ററായി ചുമതല വഹിക്കുന്ന സുധാകരൻ പരാതിക്കാരനെ ആദ്യം ഫോണിൽ ബന്ധപ്പെടുകയായിരുന്നു.  പരാതിക്കാരന്‍റെ ലോൺ അക്കൌണ്ട് 1.40 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയതായും ഓഡിറ്റ് ചെയ്തതിൽ തിരിമറി നടന്നിട്ടുണ്ടെന്നും ആയത് റീ-ഓഡിറ്റ് ചെയ്യേണ്ടി വരുമെന്നുമാണ് സുധാകരൻ പറഞ്ഞത്.

 അല്ലെങ്കിൽ ആറ് ലക്ഷം രൂപ കൈക്കൂലി നൽകണമെന്നും അല്ലാത്ത പക്ഷം കിട്ടാക്കടം ആയി പ്രഖ്യാപിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കൈക്കൂലി നൽകാത്തതിനാൽ പല പ്രാവശ്യം ഫോണിൽ വിളിച്ച് ഭീക്ഷണി തുടരുകയും ചെയ്തു.ഇതിന് ശേഷം വെള്ളിയാഴ്ച ഫോണിൽ വിളിച്ച് ആദ്യ ഗഡു കൈക്കൂലിയായി 10,000 രൂപ ഗൂഗിൾ-പേയിൽ അയക്കാൻ പറഞ്ഞു.


 തുടർന്ന് പരാതിക്കാരൻ 10,000 രൂപ ഗൂഗിൾ പേയിൽ അയച്ചു കൊടുത്തിരുന്നു.  ബാക്കി തുക അതേ ദിവസം തന്നെ  എത്തിക്കണമെന്ന് ഫോണിൽ കൂടി വീണ്ടും പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് വിജിലൻസില്‍ പരാതി നൽകിയത്. എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിക്കുകയും സുധാകരനെ കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോട് ചേർന്നുള്ള ഓഫീസ് റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയമാണുണ്ടായത്. 

അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments