ആർക്കും അടയ്ക്കാൻ പറ്റാത്ത വാതിലുകൾ തുറന്നിട്ട ശേഷമാണ് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഈ ലോകംവിട്ട് സ്വർഗത്തിലേക്ക് യാത്രയാകുന്നത്. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പെയെ അനുസ്മരിച്ചുകൊണ്ട് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്
ആർക്കും അടയ്ക്കാൻ പറ്റാത്ത വാതിലുകൾ തുറന്നിട്ട ശേഷമാണ് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഈ ലോകംവിട്ട് സ്വർഗത്തിലേക്ക് യാത്രയാകുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റത്തിന്റെ വിത്ത് വിതറിയ വ്യക്തിയാണ് പരിശുദ്ധ ഫ്രാൻസിസ് പിതാവ്. പന്ത്രണ്ടു വർഷങ്ങൾകൊണ്ട് ലോകമന:സാക്ഷിയെത്തന്നെ കീഴടക്കിയ ദൈവികസ്വരമായിരുന്നു അദ്ദേഹമെന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. പരിശുദ്ധ ഫ്രാൻസിസ് പിതാവിന്റെ വിയോഗത്തെതുടർന്ന് സ്മരണകൾ പങ്കുവയ്ക്കുകയായിരുന്നു അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ്.
പരിശുദ്ധ ഫ്രാൻസിസ് പിതാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവും ആദ്യം എനിക്ക് പറയാനുള്ളത് ഈ ലോകത്തിൽ ദൈവത്തെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിച്ച വ്യക്തിയാണ് അദ്ദേഹം. ദൈവം നമുക്ക് നൽകിയ അമൂല്യമായ നിധിയായിരുന്നു, വിലയേറിയ രത്നമായിരുന്നു പരിശുദ്ധ പിതാവ്. അദ്ദേഹം ലോകത്തെ പഠിപ്പിച്ചത് നാല് പ്രധാനപ്പെട്ട പ്രബോധനങ്ങൾ വഴിയായിരുന്നു. Fratelli tutti (ഫ്രത്തേലിതൂത്തി - എല്ലാവരും സഹോദരങ്ങൾ), Laudato si' (ലൗദാത്തോ സി - അങ്ങേക്ക് സ്തുതിയായിരിക്കട്ടെ), Dilexit nos ( ഡിലീക്സിറ്റ് നൊസ് - അവൻ നമ്മളെ സ്നേഹിച്ചു), Lumen fidei (ലുമെൻ ഫിദേയി - വിശ്വാസത്തിന്റെ വെളിച്ചം). ഈ നാല് ചാക്രികലേഖനങ്ങളിലൂടെയാണ് പരിശുദ്ധ പിതാവ് പ്രധാനപ്പെട്ട പ്രബോധനങ്ങളെല്ലാം നൽകിയത്. സാമൂഹികവും പാരസ്ഥികവുമായ പ്രതിസന്ധികളെ തരണം ചെയ്യാൻ പാപ്പാ നടത്തിയ പരിശ്രമങ്ങൾ മഹത്വരമാണ്. 'ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിലൂടെയും 'ലൗദാത്തെ ദേവും' എന്ന അപ്പസ്തോലികലേഖനത്തിലൂടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാപ്പാ ലോകത്തിന്റെ മുമ്പിൽ തുറന്നുവെക്കുകയായിരുന്നു. കാലാവസ്ഥാവ്യതിയാനം, മലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുമ്പോൾ ഒരു സുസ്ഥിരമായ ജീവിതശൈലി ആവിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയുടെമേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കേണ്ടതിനെക്കുറിച്ചും പാപ്പാ വിശദമായി സംസാരിക്കുന്നുണ്ട്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ആരോഗ്യപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാപ്പാ നടത്തിയ പരിശ്രമങ്ങൾ ഏറെ ശ്ലാഘനിയമായിരുന്നു.
രണ്ടാമത്തെ ഒരു കാര്യം, പാപ്പ തിരഞ്ഞെടുത്ത പേരിന്റെ പ്രസക്തിയെക്കുറിച്ചാണ്. ഫ്രാൻസീസ്. ഞാൻ കരുതുന്നത് ഫ്രാൻസീസ് എന്നത് പാപ്പായ്ക്ക് വെറുമൊരു പേരല്ലായിരുന്നു. പാപ്പാ ജീവിക്കാൻ ആഗ്രഹിച്ച, ക്രിസ്തീയ ജീവിതശൈലിയായിരുന്നു അത്. പാപ്പാ പ്രഘോഷിക്കാൻ ആഗ്രഹിച്ച സുവിശേഷമായിരുന്നു. അദ്ദേഹം പഠിപ്പിക്കാൻ ആഗ്രഹിച്ച മതബോധനമായിരുന്നു ആ പേര്. സ്വർഗത്തിലേക്കുള്ള കവാടമായിരുന്നു അദ്ദേഹത്തിന് ഫ്രാൻസിസ് എന്ന പേര്. അപ്രകാരം ഫ്രാൻസീസ് എന്ന പേരിനെ അനശ്വരമാക്കിക്കൊണ്ടാണ് പരിശുദ്ധ പിതാവ് ഈ ലോകത്തിൽ നിന്ന് യാത്രയാകുന്നത്.
ഈ അവസാന നാളിൽ എഴുതിയ ചാക്രികലേഖനത്തിൽ 'അവൻ നമ്മെ സ്നേഹിച്ചു' (Dilexit Nos) എന്ന പ്രബോധനത്തിൽ പാപ്പാ ഊന്നിപ്പറയുന്നത് ഹൃദയം നഷ്ടപ്പെട്ട ലോകത്തിന് ഒരു ഹൃദയം കൊടുക്കാനായിട്ട് നമ്മളെല്ലാവരും പരിശ്രമിക്കണം എന്ന മഹത്തായ കാര്യമാണ്. ഹൃദയമില്ലാത്തവർക്ക് അല്ലെങ്കിൽ ഹൃദയപൂർവം പെരുമാറാൻ അറിയത്തില്ലാത്തവർക്ക് ഒരു ഹൃദയം കൊടുക്കുവാനായിട്ട് നമ്മൾ തയ്യാറാകണം. അതിന് പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചിരിക്കുന്നത് നാല് സുവിശേഷങ്ങളുടെയും സാരസംഗ്രഹമാണ് ഈശോയുടെ ഹൃദയം എന്ന ആശയം തന്നെയാണ്. അതുപോലെ പ്രവാസികളെക്കുറിച്ചും സാമ്പത്തികമായിട്ട് വളരെയേറെ പ്രയാസമനുഭവിക്കുന്ന വ്യക്തികളെക്കുറിച്ചും പരിശുദ്ധ പിതാവ് വലിയ കരുതലോടെയാണ്
സംസാരിച്ചിട്ടുള്ളത്.
സീറോ മലബാർ സഭയെ സംബന്ധിച്ച് പരിശുദ്ധ പിതാവ് വലിയൊരു അനുഗ്രമായിരുന്നു. നമ്മുടെ സഭയുടെ വ്യക്തിത്വവും സ്വത്വവും പ്രേഷിതാഭിമുഖ്യങ്ങളും നമ്മൾ കാത്തു പരിപാലിച്ച് വളർത്തി സംരക്ഷിക്കണമെന്ന് നിരവധി അവസരങ്ങളിൽ പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ദൈവാരാധനയെക്കുറിച്ച് പൊതുവിൽ 'ദെസിദേരിയോ ദെസിെദെരാവി' (DESIDERIO DESIDERAVI - ഞാന്‍ അതിയായി ആശിച്ചു) എന്ന ലേഖനത്തിലൂടെ വളരെ ക്ലിപ്തമായ മാനദണ്ഡങ്ങൾ സാർവ്വത്രികസഭയ്ക്ക് നൽകി. ചുരുക്കത്തിൽ, പാപ്പായുടെ ജീവിതവും കാഴ്ചപ്പാടുകളും ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനമായിരുന്നു. പരിശുദ്ധ പിതാവിന്റെ എളിമയും സാമൂഹികനീതിയിലുള്ള ഉറച്ച വിശ്വാസവും ലോകത്തിന് മാതൃകയാണ്. ദരിദ്രരോടുള്ള പാപ്പായുടെ പ്രത്യേക ശ്രദ്ധയും, ഞാൻ സൂചിപ്പിച്ചതുപോലെ പരിസ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയും പ്രവാസികളെക്കുറിച്ചുള്ള കരുതലും ലോകശ്രദ്ധ നേടിയ കാര്യങ്ങളാണ്. ആഡംബരജീവിതം ഒഴിവാക്കി സാധാരണക്കാരേപ്പോലെ ജീവിക്കുന്നതിൽ പാപ്പാ കാണിച്ചുതന്ന മാതൃക പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ നേർക്കാഴ്ച തന്നെയാണ്. പ്രകൃതിയെക്കുറിച്ചുള്ള ഓർമപ്പെടുത്തലും, ജാതിമതവർഗ്ഗവർണ്ണ ചിന്തകൾക്ക് അതീതമായി ഏവരെയും ഉൾക്കൊള്ളാനുള്ള ആഹ്വാനവും നമ്മൾ വിശദമായിട്ട് പഠിക്കുകയും പാപ്പായുടെ ആശയങ്ങളെ നമ്മുടെ ജീവിതാംശമാക്കുകയും വേണം. പാപ്പാ സ്വർഗത്തിലേക്കാണ് യാത്ര ചെയ്തിരിക്കുന്നത്. സ്വർഗ്ഗത്തിന്റെ നിത്യതയിൽ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ വിശ്രമിച്ച് ശാന്തി അനുഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാെമെന്നും അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കൂട്ടിച്ചേർത്തു.
0 Comments