അറിവിന്റെ വെളിച്ചം പകര്‍ന്ന ശ്രീകല ടീച്ചര്‍ ഇപ്പോള്‍ സേവന മികവിന്റെ തെളിച്ചത്തില്‍



സുനില്‍ പാലാ
    
ശ്രീകല ടീച്ചര്‍ക്ക് വിശ്രമ ജീവിതത്തിലും ''വിശ്രമമില്ല''. രണ്ട് പതിറ്റാണ്ടോളം കുരുന്നുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന ടീച്ചര്‍ ഇപ്പോള്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ തിരക്കിലാണ്. ജനങ്ങളുടെ സുഖദുഖങ്ങളില്‍ ഇടപെടുന്നത് ഈശ്വര നിയോഗമായി കാണുകയാണ് അമ്പാറ എളൂക്കുന്നേല്‍ വീട്ടിലെ ആര്‍. ശ്രീകല ടീച്ചര്‍.

അധ്യാപന രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഒരേപോലെ പേരെടുത്തു എന്നുള്ളതാണ് ടീച്ചറിന്റെ വിജയം. എജ്യൂക്കേഷണല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിരമിച്ച പാലാ ശ്രീനിലയത്തില്‍ സി.എം. രവീന്ദ്രന്റെയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്  എം.ജെ. സുമതിയുടെയും നാലുമക്കളിലെ ഏക പെണ്‍തരിയാണ് ശ്രീകല. പഠനകാലയളവില്‍ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അച്ഛനും അമ്മയും സഹോദരന്‍മാരായ മനോജും രാജേഷും ശ്രീരാജുമെല്ലാം ശ്രീകലയുടെ കലാസപര്യയ്ക്ക് പൂര്‍ണ്ണപിന്തുണയേകി.

പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാട്ട്, നൃത്തം, പ്രസംഗം, കവിതാലാപനം എന്നുവേണ്ട ഏതൊക്കെ കലകളുണ്ടോ അവയിലെല്ലാം ശ്രീകല വിജയമുദ്രയണിഞ്ഞു. കവിതാലാപനത്തില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പാലാ സബ് ജില്ലയില്‍ നിന്ന് ആദ്യമായി പങ്കെടുത്തതും ഈ മിടുക്കിയായിരുന്നു. സ്‌കൂളിനുവേണ്ടി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ശ്രീകലയുടെ അലമാരിയില്‍ തിളങ്ങി. 
 


ഓര്‍മ്മകള്‍ ഒരുപാടുണ്ട് ശ്രീകല ടീച്ചര്‍ക്ക്. പാലാ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അന്ന് ആദ്യമായി സ്‌കൂളില്‍ ഒരു മൈക്ക് സെറ്റ് വാങ്ങിയപ്പോള്‍ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ ലെയോമയുടെ ശബ്ദം ആദ്യമായി കോളാമ്പിയിലൂടെ മുഴങ്ങി; ''ശ്രീകല ഓഫീസിലേക്ക് വരണം!'' പിന്നീട് സിസ്റ്റര്‍ പറഞ്ഞു; ''ശ്രീകലേ... നിന്റെ പേര് ആദ്യമായി മൈക്കിലൂടെ വിളിക്കണമെന്നത് എന്റെയൊരാഗ്രഹമായിരുന്നു''. പഴയ ഗുരുനാഥയുടെ തന്നോടുള്ള കരുതലും സ്നേഹവും വിവരിക്കുമ്പോള്‍ ഈ അറുപതാം വയസ്സിലും ശ്രീകല ടീച്ചറുടെ മിഴികള്‍ നിറയും. ഗൈഡിംഗിലും മുമ്പിലായിരുന്ന ശ്രീകലയ്ക്ക് പ്രസിഡന്റിന്റെ ഗൈഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ വാര്‍ഷികത്തിന് മദ്യവര്‍ജ്ജന സമിതി അധ്യക്ഷനായിരുന്ന എം.പി. മന്‍മഥന്‍ സാറും മുന്‍മന്ത്രി കെ.എം. മാണിസാറുമൊക്കെ വന്നതും തന്റെ സകലകലാ വൈഭവത്തെ പുകഴ്ത്തിയതുമൊക്കെ ഇന്നല്ലത്തേതുപോലെ ഈ അധ്യാപികയുടെ നേര്‍മുമ്പിലുണ്ട്. 
 

പാലാ അല്‍ഫോന്‍സാ കോളേജ്, അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇവിടെയും കിടു പ്രകടനം. അരുവിത്തുറ കോളേജില്‍ വൈസ് ചെയര്‍പേഴ്സണ്‍, അല്‍ഫോന്‍സാ കോളേജില്‍ ജനറല്‍ സെക്രട്ടറി. മാത്രമല്ല സൂപ്പര്‍ ഗായിക. കോളേജിലാകെ വാനമ്പാടി പോലെ പാറി നടന്നു ഈ കൊച്ചുസുന്ദരി. ഡിഗ്രിക്ക് ശേഷം 1987 ല്‍ എളൂക്കുന്നേല്‍ ഡോ. ജീവ്ജിയുമായി വിവാഹം. തുടര്‍ന്നാണ് ടിടിസി കോഴ്സിന് ചേര്‍ന്നത്. പി.എസ്.സി. വഴി പൂഞ്ഞാര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപകര്‍ക്കുള്ള കോഴ്സിന്റെ ഡി.ആര്‍.ജി., അധ്യാപകസംഘടനാ ഭാരവാഹി എന്നീ നിലകളിലും തിളങ്ങി. ഇതിനിടയില്‍ രണ്ട് മക്കള്‍ ജനിച്ചു. അശ്വതിയും അഖിലും. രണ്ടുപേരും ഇപ്പോള്‍ എഞ്ചിനീയര്‍മാര്‍. മരുമക്കളായ രഞ്ജിത്തും പ്രതിഭയും എഞ്ചിനീയര്‍മാര്‍ തന്നെ. ദേവ്, നിതാര, വേദ് എന്നിവരാണ് കൊച്ചുമക്കള്‍. 2020 മാര്‍ച്ചില്‍ സ്‌കൂള്‍ അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ചതിനുശേഷമാണ് ശ്രീകല ടീച്ചര്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ തലപ്പലം ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വിജയിച്ച ടീച്ചറിന് നാട്ടുകാര്‍ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് നല്‍കിയത്. 2023-24 കാലഘട്ടത്തില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഈ കാലയളവില്‍ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ. എ.പി.ജെ. അബ്ദുള്‍കലാം ജനമിത്ര പുരസ്‌കാരവും ലഭിച്ചു.


ജനങ്ങളുടെ സുഖദുഖങ്ങളില്‍ ഇടപെടുന്നത് ഈശ്വര നിയോഗം

''പൊതുരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം എന്നും മനസ്സിലുണ്ടായിരുന്ന എനിക്ക് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ സുഖദുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതൊരു ഈശ്വര നിയോഗമായാണ് അനുഭവേദ്യമാകുന്നത്. കഴിയുന്നിടത്തോളം കാലം ജനസേവനത്തിന്റെ വഴിയെ കടന്നുവന്ന സംശുദ്ധതയോടെ നടക്കണമെന്നാണ് എന്റെ ആഗ്രഹം'' സദാ പുഞ്ചിരി വിടരുന്ന ഗുരുശ്രേഷ്ഠയുടെ മുഖത്ത് കൂടുതല്‍ തിളക്കം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments