തൊടുപുഴ നഗരത്തില്‍ പ്രധാന റോഡരികില്‍ ചാക്കുകളിലാക്കി കെട്ടിയ മാലിന്യം തള്ളി

 

തൊടുപുഴ നഗരമധ്യത്തില്‍ പ്രധാന റോഡരികില്‍ ചാക്കുകളിലാക്കി കെട്ടിയ മാലിന്യം തള്ളി

തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ കാഞ്ഞിരമറ്റം-മങ്ങാട്ടുകവല റോഡരികില്‍ ഒരു പകല്‍ മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടി കിടന്നിട്ടും സംഭവത്തില്‍ യാതൊരു നടപടിയും കൈക്കൊള്ളാന്‍ നഗരസഭാ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്. ഇന്നലെ രാവിലെ മുതലാണ് ന്യൂമാന്‍ കോളജിന് സമീപം റോഡരികിലായി ചാക്കുകളില്‍ കെട്ടിയ മാലിന്യം തള്ളിയതായി സമീപത്തെ വ്യാപാരികളുടെയും മറ്റും ശ്രദ്ധയില്‍പ്പെടുന്നത്. ഫുട്പാത്തിനോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന ഇരുന്പ് സംരക്ഷണ വേലിയില്‍ ചാരിവച്ചിരിക്കുന്ന നിലയിലായിരുന്നു മാലിന്യം നിറച്ച ചാക്കുകള്‍. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ചാക്കുകളില്‍നിന്നു റോഡിലേക്കും ഫുട്പാത്തിലേക്കും ചിതറിവീഴുന്നുണ്ട്. തൊടുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍നിന്നുള്ളതാണ് മാലിന്യമെന്ന് സ്ഥലത്തെത്തിയവര്‍ പറഞ്ഞു. 


ഇതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഇന്നലെ വൈകുന്നേരം പെയ്ത മഴയെത്തുടര്‍ന്ന് മാലിന്യം റോഡിലാകെ പടര്‍ന്നൊഴുകിയിട്ടുണ്ട്. കോളജും നിരവധി വ്യാപാര സ്ഥാപനങ്ങളും ഉള്ള ഭാഗത്താണ് ഇത്രയേറെ മാലിന്യം തള്ളിയിരിക്കുന്നത്. രാത്രി സമയത്ത് വാഹനത്തിലെത്തിച്ചതാവാന്‍ സധ്യതയുണ്ടെന്ന് സമീപത്തുള്ളവര്‍ സൂചിപ്പിച്ചു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചാല്‍ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിക്കും. പൊതുസ്ഥലത്തെ മാലിന്യം നീക്കം ചെയ്യുന്നതോടൊപ്പം കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. എട്ടിന് ജില്ല സന്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ് പലയിടങ്ങളിലും ഇത്തരത്തില്‍ മാലിന്യനിക്ഷേപം നടക്കുന്നത്. മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഇരുളിന്റെ മറവില്‍ നടക്കുന്ന മാലിന്യം തള്ളലിനെതിരേ അധികൃതര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരാണ് ബോധവാന്മാരാകേണ്ടതെന്ന് ഹരിതകേരളം മിഷന്‍ അധികൃതര്‍ പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments