ആത്മവിശ്വാസത്തിന്റെയും കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ഒരു പ്രകാശനാളത്തെയാണ് പരിശുദ്ധ ഫ്രൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തോടെ ലോകത്തിനു നഷ്ടമായിരിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി ദേവീ അനുശോചന സന്ദേശത്തിൽ പറഞ്ഞു . ക്രിസ്തുവിൻ്റെ പ്രേമവും പ്രകാശവും സമചിത്തതയും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അങ്ങനെ മറ്റുള്ളവർക്കു മാതൃയാകാനും അദ്ദേഹം ജീവിതാവസാനം വരെ ശ്രമിച്ചു.
2014, ഡിസംബറിൽ, മനുഷ്യക്കടത്തു്, നിർബന്ധിതതൊഴിൽ, വേശ്യാവൃത്തി തുടങ്ങിയ ആധുനിക അടിമത്തം തടയുന്നതിനായി വിവിധ മത-ആദ്ധ്യാത്മിക ആചാര്യന്മാരുടെ സംയുക്തപ്രഖ്യാപനം ഒപ്പുവെയ്ക്കുന്ന ചടങ്ങ് വത്തിക്കാനിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ പങ്കുചേരാൻ പരിശുദ്ധ മാർപാപ്പയുടെ പ്രത്യേക ക്ഷണപ്രകാരം അമ്മ അവിടെ പോയിരുന്നു.
അദ്ദേഹത്തിൻ്റെ തുറന്ന സമീപനവും ഹൃദ്യമായ സംഭാഷണവും എളിമത്തവും ഈ അവസരത്തിൽ കൃതജ്ഞതാപൂർവ്വം അമ്മ സ്‌മരിക്കുകയാണ്.ജാതിമതചിന്തകൾക്കപ്പുറം മാനവസമൂഹത്തെ ഒന്നിപ്പിച്ച് ഒരു കുടുംബമായി കാണാൻ ആഗ്രഹിക്കുന്ന ഒരു ഉത്കൃഷ്ട നേതാവിനെയാണ് അന്നവിടെ എല്ലാവർക്കും കാണാൻ സാധിച്ചത്.കത്തോലിക്കാ സഭയുടെ അത്യുന്നതസ്ഥാനം വഹിക്കുമ്പോഴും എതിർപ്പുകളെ അതിജീവിച്ചു മനുഷ്യൻ കെട്ടിപൊക്കിയ അതിർവരമ്പുകൾക്കപ്പുറം ഒരുമയുടെ ലോകത്തിനുവേണ്ടി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. അദ്ദേഹത്തിന്റെ അചഞ്ചലമായ ബോദ്ധ്യങ്ങളും നിശ്ചയദാർഢ്യവും വിശ്വാസവും ഭാവിതലമുറയ്ക്കും വഴികാട്ടിയാകുക തന്നെ ചെയ്യും. പരിശുദ്ധ മാർപാപ്പയുടെ വേർപാടിൽ ലോമെമ്പാടുമുള്ള വിശ്വാസികൾ അഗാധമായി ദുഃഖിക്കുന്ന നിമിഷങ്ങളാണിതു. അതിൽ പങ്കുചേരുന്നതോടൊപ്പം, നമുക്കു് അദ്ദേഹത്തിൻ്റെ ധന്യമായ ജീവിതത്തെ ആദരപൂർവ്വം സ്മരിക്കുകയും അദ്ദേഹം കാട്ടിത്തന്ന ഐക്യത്തിന്റെയും വിശാലമനസ്കതയുടെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യാം. അദ്ദേഹത്തിൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സ്നേഹപൂർവ്വം പ്രാർത്ഥനകളോടെ, അമ്മ (ശ്രീ മാതാ അമൃതാനന്ദമയി ദേവീ)
0 Comments