ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് വിന്‍സി വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിന്‍സിയുമായി സംസാരിച്ചെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗം ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. നടന്‍ പേര് തുറന്നു പറയുന്ന നിലയുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു. അതേസമയം, വിന്‍സിയുടെ വെളിപ്പെടുത്തല്‍ ഗൗരവകരമായി എടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. വിഷയത്തില്‍ എക്‌സൈസ് നടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
വെളിപ്പെടുത്തലില്‍ സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹതാരം ലഹരി ഉപയോഗിച്ചതിന് സാക്ഷിയാണെന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങളുണ്ടോ എന്നാണ് നിലവില്‍ എക്‌സൈസ് പരിശോധിക്കുന്നത്. വിന്‍സിയില്‍ നിന്നും പരാതി വാങ്ങി കേസെടുത്ത് നടപടികള്‍ ആരംഭിക്കാന്‍ പൊലീസും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വിന്‍സിയുമായി സംസാരിച്ചേക്കും എന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ആയിരുന്നു യുവതാരം വിന്‍സി അലോഷ്യസ് മലയാള സിനിമയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ലഹരി ഉപയോഗിച്ച് ഒരു നടന്‍ സെറ്റില്‍ എത്തിയ നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നുമായിരുന്നു നടിയുടെ പ്രസ്താവന.
0 Comments