മദ്യലഹരിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയ മലയാളി പിടിയിൽ. ദിണ്ടിക്കൽ സ്വദേശിയായ ആർ. അറുമുഖത്തെ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആലുവ സ്വദേശി പിടിയിലായത്.ആലുവ മുപ്പത്തടം സ്വദേശി ജെ. ഷിയാസിനെയാണ് സുന്ദരാപുരം പോലീസ് കേരളത്തിൽനിന്നും പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ചെട്ടിപ്പാളയം റോഡ് നബിനഗറിൽ കെട്ടിടനിർമാണവസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും ഒരുമുറിയിലായിരുന്നു താമസം.
സംഭവ ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം അറുമുഖൻ ഉറങ്ങാൻ പോയി. എന്നാൽ, ഷിയാസ് ഉയർന്നശബ്ദത്തിൽ പാട്ടുകേട്ടുകൊണ്ടിരുന്നു. ശബ്ദംകുറയ്ക്കാൻ അറുമുഖൻ പറഞ്ഞെങ്കിലും ഷിയാസ് അത് അനുസരിച്ചില്ല. തുടർന്ന്, അറുമുഖൻ വന്ന് പാട്ട് നിർത്തുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ ഷിയാസ് മുറിയിലുണ്ടായിരുന്ന ബിയർക്കുപ്പികൊണ്ട് അറുമുഖത്തിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.കൃത്യത്തിന് ശേഷം ഷിയാസ് കടന്നു കളയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ എറണാകുളത്തുനിന്നും ഇയാളെ പിടികൂടുകയായിരുന്നു.
0 Comments