ആലപ്പുഴ കടകരപ്പള്ളി സ്വദേശി ബിന്ദുവിനെ കാണാതായ കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് . ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയിലാണ് അനുമതി തേടി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഏപ്രില്‍ 22ന് കോടതി പരിഗണിക്കും. ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ പത്മനാഭപിള്ള 2017 മെയ് മാസത്തില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രവീണിന്റെ പരാതി പ്രകാരം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ ഉടമയായ സഹോദരി ബിന്ദുവിനെ 2013 ഓഗസ്റ്റിലാണ് കാണാതാകുന്നത്. ചേര്‍ത്തല സ്വദേശികളും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരുമായ സെബാസ്റ്റിയന്‍, ജയ എന്ന മിനി എന്നിവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് അവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം ബിന്ദു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
2017ല്‍ ഇറ്റലിയിലായിരുന്ന പ്രവീണ്‍ കേരളത്തിലെത്തിയപ്പോഴാണ് ഇടപ്പള്ളിയിലുള്ള ഭൂമി ഉള്‍പ്പെടെ വിറ്റഴിച്ചതായി കണ്ടെത്തുകയായിരുന്നു. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഭൂമി ഇടപാടുകളുടെ വിശദാംശങ്ങള്‍ പ്രവീണ്‍ ശേഖരിച്ചിരുന്നു. സ്വത്ത് വില്‍ക്കാന്‍ ഉപയോഗിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബിന്ദുവിന്റെ സുഹൃത്തായ സെബാസ്റ്റിയന്‍ വ്യാജ രേഖകള്‍ നിര്‍മിച്ചതായി പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ ജയ കാണാതായ സ്ത്രീയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ ബിന്ദുവായി അഭിനയിച്ച് രേഖകളില്‍ ഒപ്പിട്ടതായും പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരുവരേയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും ബിന്ദുവിന്റെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചില്ല. പള്ളിപ്പുറം സ്വദേശിയായ എസ് മനോജ്(46),ആത്മഹത്യ ചെയ്തതോടെ കാണാതായ കേസിന് പിന്നിലെ ദുരൂഹത വര്‍ധിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ സെബാസ്റ്റിയന്റേയും ബിന്ദുവിന്റേയും അടുത്ത സുഹൃത്തുമായിരുന്നു. 2018 ജൂണിലാണ് മനോജിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
0 Comments