ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു മൊബൈല്‍ ഫോണും പണവും അപഹരിച്ചതായി പരാതി. ഞായറാഴ്ച രാത്രി 9.14നു പെരുമണ്ണയില്‍നിന്നു സിറ്റി സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന ‘സഹിര്‍’ സ്വകാര്യ ബസില്‍ ആണു സംഭവം. ബസിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
യാത്രയ്ക്കിടെ സഹയാത്രക്കാരന്‍ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചതായും മൊബൈല്‍ ഫോണും 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടതായുമാണ് യാത്രക്കാരന്റെ പരാതി. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.
പന്തീരാങ്കാവിനു സമീപം കൈമ്പാലത്തുനിന്നു ബസില്‍ കയറി പിന്‍സീറ്റില്‍ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണു (44) മര്‍ദനമേറ്റത്. നിഷാദിനു സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവര്‍ പ്രകോപനമില്ലാതെ കഴുത്തില്‍ പിടികൂടുകയായിരുന്നു. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു നിലത്തിട്ടു.
തുടര്‍ന്നു തലയിലും മുഖത്തും മര്‍ദിച്ചു. അവശനായിട്ടും വിട്ടില്ല. ബസില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവില്‍ ബസ് കിണാശ്ശേരിയില്‍ നിര്‍ത്തിയപ്പോള്‍ അക്രമി നിഷാദിന്റെ മൊബൈല്‍ ഫോണും പോക്കറ്റില്‍ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസില്‍ നിന്നു പുറത്തേക്ക് തള്ളിയിട്ടു. പരിക്കേറ്റ നിഷാദ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
0 Comments