2021 ലെ വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം എത്രയും വേഗം പുനർ നിർമ്മിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഏക പട്ടികവർഗ്ഗപഞ്ചായത്താണ് മൂന്നിലവ്. മേലുകാവ്, മേച്ചാൽ പ്രദേശവാസികൾക്ക് മൂന്നിലവിലേക്കുള്ള എളുപ്പമാർഗ്ഗമാണ് കടവുപുഴ പാലം .ഇതു തകർന്നതു കൊണ്ട് 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ജനങ്ങൾ മൂന്നിലവിൽ എത്തുന്നത്.
ആയതിനാൽ റോഡും പാലവും ട്രൈബൽ ഫണ്ട് ഉപയോഗിച്ച് പണിയണമെന്നാണ് ശൂന്യവേളയിൽ അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. സംസ്ഥാന മന്ത്രിമാരായ വി.എൻ വാസവനും കെ.രാജനും പ്രളയമുണ്ടായപ്പോൾ സ്ഥലം സന്ദർശിക്കുകയും ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് പാലം പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അത് നടക്കാതായപ്പോൾ മാണി സി കാപ്പൻ ഒരു വർഷത്തെ എം.എൽ.എ ഫണ്ട് മുഴുവനും ഈ ആവശ്യത്തിനായി മാറ്റി വെച്ചിരുന്നു. എന്നാൽ സാങ്കേതിക തടസ്സവാദങ്ങളുയർത്തി പാലം പണി വൈകിക്കുകയാണെന്ന് ജനങ്ങൾക്ക് ആക്ഷേപ മുണ്ട്. വിവിധ രാഷ്ടീയ പാർട്ടികളും സംഘടനകളും നിരവധി സമരങ്ങളും ഈ ആവശ്യമുന്നയിച്ച് നടത്തിയിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ മേലുകാവ് , മേച്ചാൽ പ്രദേശവാസികൾ ഈ വിഷയം ഫ്രാൻസിസ് ജോർജിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മാണി സി കാപ്പനും വിഷയത്തിന്റെ ഗൗരവം എം.പിയെ ധരിപ്പിച്ചിരുന്നു. പാർലമെന്റിൽ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന ശേഷം ട്രൈബൽ മിനിസ്റ്ററെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കുകയും അനുഭാവം പരിഗണിക്കാമെന്ന് സമ്മതിക്കുകയും ചെയ്തതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
0 Comments