സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ നേരിടാം? സംസ്ഥാനത്തെ 1.7 ലക്ഷം സ്കൂൾ അധ്യാപകർക്ക് ‘ക്ലാസ്


സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ സജ്ജരാക്കുന്നു. സംസ്ഥാനത്തെ 1.7 ലക്ഷം സ്കൂൾ അധ്യാപകരെ സൈബർ സുരക്ഷയെയും അനുബന്ധ വശങ്ങളെയും കുറിച്ച് പരിശീലിപ്പിക്കാനാണ് നീക്കം. സംസ്ഥാന പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പരിശീലനത്തിനു കളമൊരുക്കുന്നത്.  ഏകദേശം 38 ലക്ഷം വിദ്യാർഥികളിൽ ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം സംബന്ധിച്ചു അവബോധമുണ്ടാക്കാൻ അധ്യാപകരെ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ആശയം. സൈബർ തട്ടിപ്പുകൾ, മറ്റ് തെറ്റായ പ്രവണതകൾ ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റിന്റെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പരിശീലനം കിട്ടിയ അധ്യാപകർ കുട്ടികളെ ബോധവത്കരിക്കും. 


മെയ് 13 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ റിഫ്രഷർ കോഴ്‌സിൽ അധ്യാപകർക്ക് ഈ വിഷയത്തിൽ ക്ലാസുകൾ നൽകും. സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസുകൾ അധ്യാപകരായ മാസ്റ്റർ ട്രെയിനർമാർ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സി‌ഇ‌ആർ‌ടി) ഡയറക്ടർ ജയപ്രകാശ് ആർകെ പറഞ്ഞു.  സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിസ്ഥാന അവബോധം സൃഷ്ടിക്കാൻ കഴിയുന്നതായിരിക്കും പരിശീലനത്തിന്റെ ഉള്ളടക്കം. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കിടയിൽ അധ്യാപകർക്ക് വിവരങ്ങൾ പങ്കിടാൻ കഴിയുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു.  വിദ്യാർഥികൾക്ക് പുറമേ സൈബർ സുരക്ഷയെക്കുറിച്ചും അനുബന്ധ വശങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവത്കരിക്കാനും അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകർ അവരുമായി സംവദിക്കും. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ഒന്നിച്ച് സൈബർ ഭീഷണിയെ നേരിടുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments