കെഎസ്ആർടിസി കൊറിയർ സേവനത്തിൽ അടിമുടി മാറ്റം.... 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും


കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി കൊറിയർ സർവീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു. എന്നാൽ പിന്നീട് സാധനങ്ങൾ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നൽകുന്നതിനു തടസമായി. ഇതോടെ കെഎസ്ആർടിസി വഴി സാധനങ്ങൾ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറ‍ഞ്ഞു. നിലവിലെ അസൗകര്യങ്ങൾ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതൽ മികവോടെ ചെയ്യാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. 


ഒരു പ്രൊഫഷണൽ സ്ഥാപനത്തെ ഏൽപ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകൾ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.   ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ വാർഷിക വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോൾ കൂടുതൽ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വർഷം മുഴുവൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണൽ സംഘം വരുന്നതോടെ ഉറപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


നിലവിലെ സോഫ്റ്റ്‍വെയർ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് നിർവഹിക്കുന്നത്. സോഫ്റ്റ്‍വെയറും പരിഷ്കരിക്കും. വേഗത്തിലുള്ള രജിസ്ട്രേഷനും ക്ലിയറൻസും സാധനങ്ങളുടെ വേഗത്തിലുള്ള ഡെലിവറിയും ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ പുതുമയോടെ സേവനം ആരംഭിക്കും. പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം കമ്പ്യൂട്ടറൈസ്ഡ് കൊറിയർ, ലോജിസ്റ്റിക്സ് സേവന കൗണ്ടറുകൾ സ്ഥാപിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോർപറേഷൻ നൽകിയിട്ടുണ്ട്. കൗണ്ടറുകളിൽ സിസിടിവി നിരീക്ഷണവും ഉറപ്പാക്കും. 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പാഴ്സലുകൾ ബസുകളിൽ കയറ്റുന്നുണ്ടെന്നു കരാറുകാരൻ ഉറപ്പാക്കണം. പാഴ്സൽ തെറ്റായി എത്തിച്ചാൽ 50 രൂപ പിഴ ഈടാക്കും. പാഴ്സലുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ 500 രൂപ പിഴ ഈടാക്കും. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments