വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വടക്കുപുറത്തു പാട്ടിന് ഇന്ന് ( ബുധനാഴ്ച) തുടക്കം.
കൊടുങ്ങല്ലൂര മ്മയെ സ്തുതിച്ച് ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും അവസാന നാള്‍ വടക്കുപുറത്തു ഗുരുതിയും നടത്തുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് വടക്കുപുറത്തു പാട്ട്. മീന മാസത്തില്‍ കാര്‍ത്തിക നാളിലാണ് വടക്കുപുറത്തു പാട്ടിന്റെ ആരംഭം.
വടക്കുപുറത്തു പാട്ട് ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തില്‍ കെട്ടിയ നെടുംപുരയില്‍ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തും. ചടങ്ങുകള്‍ 13ന് സമാപിക്കും. വടക്കുപുറത്ത് പാട്ടിന്റെ എതിരേല്‍പ്പ് ചടങ്ങിന് വിളക്ക് എടുക്കുവാന്‍ വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി ജാതിവിവേചനം ഒഴിവാക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ പട്ടികയ്ക്ക് ഒപ്പം വ്രതം നോറ്റ് വിളക്കെടുക്കാന്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഭക്തര്‍ കുത്തു വിളക്ക് കൂടി ഒപ്പം കരുതണം. സ്ഥല പരിമിതിയുള്ളതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെയും പൊലീസിന്റേയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുകയുള്ളു എന്നതിനാല്‍, വ്രതം നോറ്റ് എതിരേല്‍പ്പിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത്അ നുചിതമാണ് എന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അതിനാല്‍ വ്രതം നോറ്റ് വിളക്കെടുക്കാന്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കും.
വടക്കുപുറത്തു പാട്ട് : വടക്കുംകൂര്‍ രാജഭരണകാലത്ത് ദേശത്ത് വസൂരി പടര്‍ന്നു പിടിക്കുകയും അനേകം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ദേവഹിതമനുസരിച്ചു വടക്കുംകൂര്‍ രാജാവും ഊരാണ്മക്കാരും ഭക്തരും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ 41 ദിവസം ഭജനമിരുന്നു. 41-ാം ദിനത്തില്‍ രാജാവിനു സ്വപ്നത്തില്‍ കൊടുങ്ങല്ലൂരമ്മ ദര്‍ശനം നല്‍കി. 12 വര്‍ഷത്തിലൊരിക്കല്‍ മീനഭരണിയുടെ പിറ്റേന്നു മുതല്‍ 12 ദിവസം കളമെഴുത്തുംപാട്ടും എതിരേല്‍പും താലപ്പൊലിയും ഗുരുതിയും നടത്തണമെന്ന അരുളപ്പാടുണ്ടായി. തുടര്‍ന്നാണു വൈക്കം ക്ഷേത്രത്തില്‍ വടക്കുപുറത്തു പാട്ട് ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ട കളമെഴുത്തും പാട്ടുമാണ് വടക്കുപുറത്തു പാട്ടിന്റെ മുഖ്യ ആകര്‍ഷണം. ആചാര്യനാണ് ഇതിന്റെ മേല്‍നോട്ടം. വടക്കുപുറത്തു പാട്ടിന്റെ ആചാര അനുഷ്ടാനങ്ങളോട് പരിപൂര്‍ണ ബോധ്യവും കളംപൂജ, കളമെഴുത്ത്, കളംപാട്ട് എന്നിവയില്‍ വൈദഗ്ധ്യവുമുള്ള ആളായിരിക്കണം ആചാര്യന്‍. ആചാര്യന്റെ നിര്‍ദേശപ്രകാരം വ്രതാനുഷ്ഠാനത്തോടെ സഹായികളും നിലകൊള്ളും.
വൈവിധ്യമേറും ഭഗവതി കളം പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന പഞ്ചവര്‍ണ്ണ പൊടികളാണ് കളം വരയ്ക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യത്തെ നാല് ദിവസങ്ങളില്‍ 8 കൈകളോടു കൂടിയ ഭഗവതി രൂപവും അഞ്ചാം ദിനം മുതല്‍ എട്ടാം ദിനം വരെ 16 കൈകളോടു കൂടിയ ഭഗവതി രൂപവും ഒന്‍പതാം ദിനം മുതല്‍ പതിനൊന്നാം ദിനം വരെ 32 കൈകളോടു കൂടിയ ഭഗവതി രൂപവും അവസാന ദിനം 64 കൈകളോടുകൂടി ആയുധമേന്തിയ ഭഗവതിയുടെ വിശ്വരൂപമാണ് വരയ്ക്കുന്നത്. നാല് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ശ്രമകരമായ ജോലിയാണ് കളം വരയ്ക്കല്‍. ആദ്യ ദിനങ്ങളില്‍ 10പേരും അവസാന ദിനങ്ങളില്‍ 20 പേരും ചേര്‍ന്നാണ് കളം വരയ്ക്കല്‍ പൂര്‍ത്തിയാക്കുന്നത്. കളമെഴുത്തിന് എന്നപോലെ വച്ചൊരുക്കിനും മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തതയുണ്ട്. അവസാന ദിനം 64 നിലവിളക്ക്, 64 നാളികേരം, 12 പറ നെല്ല്, ബാക്കി അരി, മഞ്ഞള്‍ പറ തുടങ്ങിയവയും ഉപയോഗിക്കുന്നു.
കൊടുങ്ങല്ലൂരമ്മയ്ക്ക് എതിരേല്‍പ് ഉച്ചപ്പാട്ടോടെയാണ് ആദ്യദിനം ആരംഭം. കളം വരച്ച് പൂര്‍ത്തിയാക്കി വൈകിട്ടോടെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ഒരുക്കും. വൈക്കം ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു ശേഷം കളമെഴുതിയ മണ്ഡപത്തില്‍ നിന്നും എതിരേല്‍ക്കാനായി കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് എഴുന്നള്ളിക്കും. വാളേന്തിയ വെളിച്ചപ്പാട് അകമ്പടിയേകും. വീക്കന്‍, ഇലത്താളം എന്നിവയുടെ തലത്തില്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊച്ചാലുംചുവട്ടിലേക്ക് പോകുന്നു.
കൊച്ചാലുംചുവട്ടില്‍ പന്തം, കോല്‍തിരി, കൈത്തിരി, തിരി എന്നിവയടങ്ങിയ പഞ്ചലങ്കാര പൂജയ്ക്ക് ശേഷം ഭഗവതിയെ എതിരേല്‍ക്കും. വാദ്യമേളങ്ങളും വ്രതശുദ്ധിയോടെ കുത്തുവിളക്കേന്തിയ സ്ത്രീകളും അനുഗമിക്കും. കൊടുങ്ങല്ലൂരമ്മ വടക്കേഗോപുരം കടന്ന് പ്രവേശിക്കുമ്പോള്‍ അത്താഴശീവേലിക്ക് എഴുന്നള്ളിയ വൈക്കത്തപ്പനുമായി ക്ഷേത്രത്തിന് രണ്ടു പ്രദക്ഷിണം പൂര്‍ത്തിയാക്കും. മൂന്നാമത്തെ പ്രദക്ഷിണം വടക്കുപുറത്ത് എത്തുമ്പോള്‍ ഭഗവതിയെ കളമെഴുതിയ മണ്ഡപത്തില്‍ പീഠത്തിലേക്ക് ഇരുത്തും. ആചാര്യന്റെ നേതൃത്വത്തില്‍ കളം പൂജയ്ക്ക് ശേഷം പ്രസന്ന പൂജയും കൊട്ടിപ്പാടി സേവയും ആരംഭിക്കും.
ആചാര്യന്റെ നിര്‍ദേശപ്രകാരം എത്തിയ കുറുപ്പന്മാര്‍ക്കാണ് പാട്ടിനുള്ള നിയോഗം. ശംഖ് വിളിച്ച് വീക്കന്‍, ചേങ്ങില എന്നിവയുമായി പാട്ട് ആരംഭിക്കുന്നു. പൂര്‍വകാലത്ത് നന്തുണിയും ഉപയോഗിച്ചിരുന്നു.വിവിധ വര്‍ണനകള്‍ അടങ്ങിയ ദേവീസ്തുതികളാണ് പ്രധാനമായും പാടുന്നത്. മഹാദേവനെ സ്തുതിച്ച് പര്യവസാനിപ്പിക്കും.തുടര്‍ന്ന് ആചാര്യന്‍ പൂക്കുലകൊണ്ട് കളം മായ്ക്കും. നടത്തിപ്പുകാര്‍ക്കും, ഭക്തര്‍ക്കും പ്രസാദം വിതരണം ചെയ്യും. ചടങ്ങ് പൂര്‍ത്തിയാക്കി പിറ്റേ ദിവസത്തെ കളം വരയ്ക്കാന്‍ ആരംഭിക്കുന്നു.
വടക്കുപുറത്തു ഗുരുതി പന്ത്രണ്ടാം ദിവസം കളം മായ്ച്ച് പര്യവസാനം ചെയ്ത ശേഷം വടശ്ശേരി ഇല്ലത്തെ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വടക്കുപുറത്തു ഗുരുതി നടത്തും. ഗുരുതി അവസാനിക്കുന്നതോടെ വടക്കുപുറത്തു പാട്ട് പൂര്‍ത്തിയാകും
0 Comments