കുടിവെള്ളത്തിന് ''വഴി തെളിഞ്ഞു''.... തടസ്സം നീങ്ങി, അമനകര വഴിയിടം പദ്ധതി നാടിന് സമര്‍പ്പിച്ചു.




സുനില്‍ പാലാ
 
ഒടുവില്‍ കുടിവെള്ളത്തിന് ''വഴി തെളിഞ്ഞു'', വഴിയിടം പദ്ധതിയുടെ വഴി തുറന്നു. പണിതിട്ടും പണിതിട്ടും പണിതീരാതിരുന്ന രാമപുരം പഞ്ചായത്തിലെ അമനകര ആനിച്ചുവട് കവലയില്‍ വിശ്രമത്തിലായിരുന്ന വഴിയിടത്തിന് ഇന്നലെ വൈകിട്ട് വഴിതെളിഞ്ഞു. വഴിയിടത്തിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ നിര്‍വ്വഹിച്ചു.

കംഫര്‍ട്ട് സ്റ്റേഷനും ലഘുഭക്ഷണശാലയും ഉള്‍പ്പെടുന്ന കുടുംബശ്രീ കഫേയ്ക്കുള്ള കെട്ടിട നിര്‍മ്മാണം ഏറെകുറെ പൂര്‍ത്തിയായിരുന്നെങ്കിലും കുടിവെള്ള ലഭ്യതയില്ലാത്തത് മൂലം കഫേ തുറക്കുന്നത് വൈകുകയായിരുന്നു. അടുത്തുള്ള ഒരു കുടിവെള്ള പദ്ധതിയുമായി സഹകരിച്ച് വെള്ളം ലഭ്യമാക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ പറഞ്ഞു. 

2021-ലാണ് രാമപുരം പഞ്ചായത്തിലെ അമനകര വാര്‍ഡില്‍ വഴിയിടം പദ്ധതിക്കായുള്ള കെട്ടിടനിര്‍മ്മാണം ആരംഭിച്ചത്. കംഫര്‍ട്ട് സ്റ്റേഷനും കുടംബശ്രീ കഫേയ്ക്കുള്ള കെട്ടിടവും കൃത്യമായ അകലത്തിലാണ് നിര്‍മ്മിച്ചിരുന്നത്. ടൈലുകള്‍ പാകി വൃത്തിയാക്കിയ കെട്ടിടത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം പണികളും പൂര്‍ത്തിയായി. ഇതുവരെ പതിനാല് ലക്ഷത്തില്‍പരം രൂപാ ചെലവഴിച്ചു കഴിഞ്ഞു. കുടിവെള്ളത്തിന് സ്വന്തമായി കുഴല്‍കിണര്‍ കുത്തുക എന്നുളളതായിരുന്നു ആദ്യലക്ഷ്യം. 
 
എന്നാല്‍ സര്‍വ്വേ നടത്തിയപ്പോള്‍ ഇവിടെ കുഴല്‍കിണര്‍ കുത്തിയാലും വെള്ളംകിട്ടാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായി. ഇതോടെ നാട്ടിലുള്ള മറ്റൊരു കുടിവെള്ള പദ്ധതിയെ സമീപിച്ചെങ്കിലും വഴിയിടം തുറക്കാനുള്ള നടപടികളായിരുന്നില്ല. 
 
 
പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചനും മെമ്പര്‍ ആന്‍സി ബെന്നിയും ചേര്‍ന്ന് നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിലാണ് മറ്റൊരു കുടിവെള്ള പദ്ധതിക്കാര്‍ വെള്ളം ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയത്. വഴിയിടം തുറക്കാനായത് വലിയ കാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതോടൊപ്പം രാമപുരം പഞ്ചായത്തിലെ ടാക്സി സ്റ്റാന്റിനോട് ചേര്‍ന്ന് 40 ലക്ഷം രുപാ മുടക്കി എം.സി.എഫ്. സ്ഥാപിച്ചതും വികസനത്തിന് ആക്കം കൂട്ടും. വഴിയിടം ഉദ്ഘാടന സമ്മേളനത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ സേവ്യര്‍, ആല്‍ബിന്‍ ഇടമനശേരില്‍, മനോജ് ചീങ്കല്ലേല്‍, രജിത ടി.ആര്‍., ജോഷി കുമ്പളത്ത്, കെ.കെ. ശാന്താറാം തുടങ്ങിയവര്‍ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments