കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവ്വീസ് നിർത്തലാക്കരുത്: - ഫ്രാൻസിസ് ജോർജ് എം.പി.



കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവ്വീസ് നിർത്തലാക്കരുത്: - ഫ്രാൻസിസ് ജോർജ് എം.പി.

കൊച്ചിയിൽ നിന്നും ലണ്ടനിലേക്കും തിരിച്ച് കൊച്ചിയിലേക്കും ആഴ്ചയിൽ മൂന്ന് പ്രാവശ്യം നേരിട്ടുള്ള എയർ ഇന്ത്യാ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

ലോക്സഭയിൽ ശൂന്യവേളയിൽ ആണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

മാർച്ച് 28 മുതൽ ഈ സർവ്വീസുകൾ നിർത്തലാക്കുവാൻ എയർ ഇന്ത്യാ എടുത്തിട്ടുള്ള തീരുമാനം റദ്ദ് ചെയ്യുവാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

അരലക്ഷത്തിലധികം മലയാളികൾ ലണ്ടനിൽ പഠനത്തിനും ജോലിക്കും ആയി താമസിക്കുന്നുണ്ട്. ഇവരെല്ലാം നാട്ടിൽ വരാനും തിരിച്ച് പോകാനും എയർ ഇന്ത്യയുടെ ഈ സർവ്വീസുകളെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ വിമാനങ്ങളിൽ യാത്രക്കാരുടെ വലിയ തിരക്കുണ്ടായിരുന്നു. ഇരുവശത്തേക്കും ഉള്ള സർവീസുകളിൽ സീറ്റുകൾ ഒഴിവുണ്ടാകാറില്ലന്ന് അദ്ദേഹം ചൂണ്ടികാട്ടി.

 ലണ്ടനിലുള്ള മലയാളികൾക്ക് ഏറെ ഉപകാരപ്രദമായ ഈ സർവ്വീസുകൾ നിർത്തലാക്കുന്നത് എന്ത് കാരണത്താൽ ആണന്ന് എയർ ഇന്ത്യാ അധികാരികൾ ഇത് വരെ വ്യക്തമാക്കിയിട്ടില്ലന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഈ സർവ്വീസുകൾ നിർത്തലാക്കുന്നതിലൂടെ മലയാളികൾക്ക് ലണ്ടനിലേക്ക് നേരിട്ടുണ്ടായിരുന്ന യാത്രാ സൗകര്യം ഇല്ലാതാകുകയും വലീയ തോതിൽ യാത്രാക്ലേശവും വലീയ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കാൻ ഇടയാക്കുമെന്നും ഫ്രാൻസിസ് ജോർജ് ചൂണിക്കിട്ടി.

 റംസാൻ,വിഷു, ഈസ്റ്റർ തുടങ്ങിയ ഉൽസവകാലത്ത് സർവ്വീസുകൾ നിർത്തലാക്കുന്നത് കുടുംബമായി യാത്ര ചെയ്യുന്ന മലയാളികൾക്ക് വലീയ പ്രയാസം ഉണ്ടാക്കും.
ഇത് വെറും ഒരു വിമാന സർവ്വീസ് മാത്രമല്ല മലയാളികൾക്ക് പുറം ലോകവും ആയി ബന്ധപെടാനുള്ള പാലം കൂടി ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സർവ്വീസുകൾ ഒരു കാരണവശാലും നിർത്തലാക്കുവാൻപാടില്ല. ഇക്കാര്യത്തിൽ എയർ ഇന്ത്യാ കമ്പനിക്ക് കൃത്യമായ നിർദ്ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതോടൊപ്പം ബഹറിൻ - തിരുവനന്തപുരം - കൊച്ചി -ഡെൽഹി  സമ്മർ സീസൺ സർവ്വീസുകളും നിർത്തലാക്കാൻ എയർ ഇന്ത്യാ എക്സ്പ്രസ് തീരുമാനിച്ചിരിക്കുകയാണ്. ഇത് ഗൾഫിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഈ തീരുമാനത്തിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസിനെ പിന്തിരിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

ഉൽസവ കാലങ്ങളിലും മറ്റ് തിരക്കുള്ള സമയത്തും വിമാനകമ്പനികൾ വലീയ തോതിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉയർന്നുവന്നിരിക്കുന്നത്. യാതൊരു മാനദണ്ഡവും ഇല്ലാതെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് തടയുന്നതിനായി എയർ ഫെയർ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments