പതിവ് രാഷ്ട്രീയ പ്രസംഗങ്ങൾക്കപ്പുറം പങ്കെടുത്തവരുടെ ഉപദേശനിർദ്ദേശങ്ങൾക്കും ആവശ്യങ്ങൾക്കും മറുപടി പറഞ്ഞ് എം.പി ഫ്രാൻസിസ് ജോർജും എം.എൽ.എ മാണി സി. കാപ്പനും ജന സദസ്സിൽ താരങ്ങളായി. തന്നിൽ അർപ്പിച്ച വിശ്വാസത്തിനും സഹകരണത്തിനും നന്ദി പറഞ്ഞ എം.പി കാർഷിക മേഖലയുടെ വളർച്ചയ്ക്കുള്ള നിർദ്ദേശങ്ങൾ പാർലമെന്റിൽ സമർപ്പിച്ച് പോരാടുമെന്ന് പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൾ കൊണ്ടുവരാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
മത, രാഷ്ട്രീയ ചിന്തകൾക്കതീതമായ കഴിഞ്ഞ നാലര വർഷത്തെ പ്രവർത്തനങ്ങൾ മാണി സി. കാപ്പൻ വിവരിച്ചു. 125 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടപ്പാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അതിന് ജനപ്രതിനിധികളും പൊതുസമൂഹവും നൽകുന്ന പിന്തുണ വലുതാണെന്നും എം.എൽഎ പറഞ്ഞു.
മുല്ലമറ്റം, അമനകര , വെള്ളിലാപ്പള്ളി, ഏഴാച്ചേരി, കൊണ്ടാട് എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് ജനസദസ്സ് സംഘടിപ്പിച്ചത്. മത്തച്ചൻ പുതിയിടത്തു ചാലിൽ, മാർട്ടിൻ പുലിപറമ്പിൽ , മനോജ് ചീങ്കല്ലേൽ, ജയചന്ദ്രൻ കീപ്പാറമലയിൽ, എം.പി കൃഷ്ണൻ നായർ എന്നിവരുടെ ഭവനങ്ങളിൽ നടന്ന ജനസദസിൽ പങ്കെടുത്തവർ എം.പിയേയും എം.എൽ.എ യേയും നാടിന്റെ വികസന ആവശ്യങ്ങൾ ധരിപ്പിച്ചു. മുൻഗണനാക്രമത്തിൽ അവ പരിഹരിക്കുമെന്ന് വാക്ക് നൽകിയാണ് അവർ മടങ്ങിയത്.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, വിവിധ രാഷ്ടീയകക്ഷി നേതാക്കൾ എന്നിവർ സംബന്ധിച്ച സദസ് രാഷ്ട്രീയത്തിനതീതമായ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
0 Comments