ശബരിമലയിലെ വഴിപാട് രസീത് ചോര്‍ത്തിയത് ദേവസ്വം ബോര്‍ഡിലെ ആരോ ആണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. എമ്പുരാന്റെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടിയ്ക്കായി ശബരിമലയില്‍ നടത്തിയ വഴിപാട് കാര്യം ചോദ്യമായി എത്തിയത്. ഇതിന് മോഹന്‍ലാല്‍ നല്‍കിയത് ഈ മറുപടിയാണ്. ‘മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥന നടത്തിയത് എന്തിന് പറയണം. ശബരിമലയില്‍ പോയി, ഞാന്‍ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വഴിപാട് രസീത് ചോര്‍ത്തിക്കൊടുത്തത്. പ്രാര്‍ഥന നടത്തിയത് എന്തിന് പറയണം.
അതെല്ലാം വ്യക്തിപരമല്ലേ. നിങ്ങള്‍ക്കുവേണ്ടി ഒരാള്‍ പ്രാര്‍ഥന നടത്തുന്നത് എന്തിന് പറയണം. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് എല്ലാവരും പറയും, എന്നിട്ട് വേറെ എന്തെങ്കിലും പോയി പറയും. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞാല്‍ പ്രാര്‍ഥിച്ചിരിക്കണം’- മോഹന്‍ലാല്‍ പറഞ്ഞു. അതായത് ദേവസ്വം ബോര്‍ഡാണ് വിവാദത്തിന് കാരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുവച്ചു.
മോഹന്‍ലാലിന്റെ പ്രതികരണം ചാനലുകളില്‍ പോലും വാര്‍ത്തയായി. ഇതിനിടെയാണ് ആ വഴിപാട് നടന്നത് എങ്ങനെയെന്ന മാധ്യമ പ്രവര്‍ത്തകന്റെ അവകാശ വാദം ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നത്. മോഹന്‍ലാല്‍ ശബരിമലയില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ കൃഷ്ണ മോഹന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് വഴിപാടിന് പിന്നിലെ കാര്യ കാരണങ്ങളുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.
സത്യം അതായിരിക്കെ എങ്ങനെ ദേവസ്വമാണ് വിവരം ചോര്‍ത്തിയെന്ന് പറയുമെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഉയര്‍ത്തുന്നത്. ഏഷ്യാനെറ്റ് ലേഖകന്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചുവടെ പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍…’ ലോകമാകെ സ്‌നേഹത്തോടെ പങ്കുവെയ്ക്കുന്ന വാര്‍ത്ത..
അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി.. ‘ ലാലേട്ടാ.. അങ്ങ് മനസ്സില്‍ കുടിയിരുത്തിയ പ്രാര്‍ത്ഥനയെ, അങ്ങയുടെ സ്‌നേഹാര്‍ച്ചനയെ അനുവാദം തേടാതെ വാര്‍ത്തയാക്കിയതില്‍ പരിഭവം അരുതേ..’
ഇനി പറയാം.., ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവന്‍ സാറിനൊപ്പം ശബരിമലയില്‍ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്. സാറിനൊപ്പം മോഹന്‍ലാല്‍ കൂടി മലചവിട്ടും.. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവന്‍ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയില്‍ എത്തി. അവര്‍ക്ക് ഒപ്പം മലചവിട്ടി.. ആറരയോടെ ദര്‍ശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസില്‍ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകളുടെ വലിയ തിരക്ക്.
ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ലാലേട്ടന്‍. അതിനിടയിലാണ് ശബരിമലയില്‍ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവന്‍ സാര്‍ അദ്ദേഹത്തിന്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകള്‍ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാന്‍ മാധവന്‍ സാറിനോട് ചോദിച്ചു.
അത് നിങ്ങള്‍ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സര്‍ പറഞ്ഞു.. ഫോട്ടോ തിരക്കില്‍ നിന്ന് ലാലേട്ടന്‍ ഇടയ്ക്ക് ഫ്രീ ആയപ്പോള്‍ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്.
വഴിപാട് നടത്തണം മോനെ , ഉറപ്പായും വേണം, വേണം..’ എനിക്ക് ഒരു പേപ്പറും പേനയും തരുമോ? എന്റെ കയ്യില്‍ ഇരുന്ന ചെറിയ കടലാസ് കക്ഷണവും പേനയും ഞാന്‍ നല്‍കി. ലാലേട്ടന്‍ തന്നെ പേപ്പറില്‍ എഴുതി..– സുചിത്ര (തൃക്കേട്ട) , മുഹമ്മദ് കുട്ടി (വിശാഖം).. ‘ മോനെ ഇച്ചാക്കയുടെ പേരിലും വേണം ‘ ഒരു നിമിഷം എന്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാന്‍ ലാലേട്ടന് തിരികെ നല്‍കി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല. പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറുവയാണ് ആ കണ്ണുകളില്‍ കണ്ടത്.. അതില്‍ ദൈവമുണ്ട്.. തത്ത്വമസി..?? ഈ മുകളിലെ കുറിപ്പിനൊപ്പം മോഹന്‍ലാല്‍ തന്റെ കൈപ്പടയില്‍ എഴുതി നല്‍കിയ കുറിപ്പ് അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ ലേഖകന്‍ ഫെയ്‌സ് ബുക്കിലിട്ടിട്ടുണ്ട്.
അതായത് വിവരം മാധ്യമ പ്രവര്‍ത്തകരിലേക്ക് എത്തിയത് മോഹന്‍ലാല്‍ വഴിയാണ്. മാധ്യമ പ്രവര്‍ത്തകനെ കൊണ്ട് കുറിപ്പെടുത്ത ശേഷം അത് ദേവസ്വം ബോര്‍ഡ് ചോര്‍ത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ മോഹന്‍ലാല്‍ ആയതു കൊണ്ട് പരസ്യ പ്രതികരണത്തിന് ബോര്‍ഡ് നില്‍ക്കില്ല. ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയ വിവരവും രസീതും അടക്കം പുറത്തു വന്നതില്‍ മോഹന്‍ലാലിന് അതൃപ്തിയിലാണെന്നതാണ് വസ്തുത. തീര്‍ത്തും വ്യക്തിപരമായി ചെയ്ത കാര്യം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതാണ് ഇതിന് കാരണം. മമ്മൂട്ടിയുടെ അസുഖം സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ പൂജ നടത്തിയതെന്ന വാദം പോലും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
0 Comments