കേരളം രാസലഹരിയുടെ ഹബ്ബായി മാറുന്‌പോഴും പിണറായി സര്‍ക്കാര്‍ കാട്ടുന്ന നിസംഗതയ്‌ക്കെതിരേ കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ എക്‌സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം എക്‌സൈസ് ഓഫീസ് പരിസരത്ത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ബാരിക്കേഡ് മറിച്ചിട്ട ശേഷം എക്‌സൈസ് ഓഫീസിലേയ്ക്ക് കടന്നു.
തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. എംജി സര്‍വകലാശാല കലോത്സവവും മറ്റും ജില്ലയില്‍ നടക്കാനിരിക്കുന്നതിനാല്‍ ലഹരിമാഫിയയുടെ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യം അടക്കമുള്ള പരാതികള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ ലഹരിമാഫിയയുടെ സ്വാധീനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. ലഹരി മാഫിയ കേരളത്തില്‍ വളരുന്നതും നാട്ടില്‍ വിലസുന്നതും പിണറായി സര്‍ക്കാരിന്റെ തണലിലാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലുകളും പോലീസിന്റെയും എക്‌സൈസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് നിതിന്‍ ലുക്കോസ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.
ടോണി തോമസ്, അസ്ലം ഓലിക്കന്‍, ജിതിന്‍ ഉപ്പുമാക്കന്‍, ജോസുകുട്ടി ജോസഫ് , നെസിയ മുണ്ടപ്പിള്ളി, സോയ്‌മോന്‍ സണ്ണി, മാത്യു കെ.ജോണ്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, എന്‍.ഐ ബെന്നി, ചാര്‍ലി ആന്റണി, എം.എച്ച് സജീവ്, ഒ.കെ. അഷറഫ്, എന്നിവര്‍ പ്രസംഗിച്ചു.
0 Comments