കുറിഞ്ഞിക്കാവില്‍ പ്രതിഷ്ഠാദിന ഉത്സവം: പൂരം ഇടിക്കായി പുത്തന്‍ ഉരല്‍



സുനില്‍ പാലാ
 
പ്രസിദ്ധമായ കുറിഞ്ഞിക്കാവില്‍ ഇത്തവണ പ്രതിഷ്ഠാദിന മഹോത്സവം അടുത്തിരിക്കെ പൂരംഇടി ചടങ്ങിനായി പുത്തന്‍ ഉരല്‍. 
 
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രതിഷ്ഠാദിന ഉത്സവത്തിലെ സവിശേഷ ചടങ്ങായിരുന്ന പൂരംഇടിക്ക് ഉപയോഗിച്ചിരുന്ന ഉരലിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷം മുതല്‍ പുതിയ ഉരല്‍ സ്ഥാപിക്കുന്നത്. ഒരടിയോളം വ്യാസമുള്ള ഈ ഉരല്‍ വരിക്കപ്ലാവ് തടിയില്‍ തീര്‍ത്തതാണ്. 
 

കുഴികണ്ടത്തില്‍ ട്രസ്റ്റ് വക സ്ഥലത്തെ പ്ലാവില്‍ നിന്നാണ് പുതിയ ഉരല്‍ തയ്യാറാക്കിയിട്ടുള്ളത്. ഇത്തവണ ഏപ്രില്‍ 10 ന് വൈകിട്ട് നടക്കുന്ന പൂരംഇടി ചടങ്ങില്‍ ഈ ഉരലാണ് ഉപയോഗിക്കുകയെന്ന് കുറിഞ്ഞിക്കാവിലെ മുഖ്യ കാര്യദര്‍ശി രമേഷ്  പറഞ്ഞു. ഏപ്രില്‍ 1 മുതല്‍ 10 വരെയാണ് പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്തുപാട്ടും നടക്കുന്നത്.

വനദുര്‍ഗ്ഗയുടെ വിഗ്രഹത്തിന് മുന്നില്‍ സ്ഥാപിക്കുന്ന ഉരലില്‍ ഉണക്കലരി, കദളിപ്പഴം, ശര്‍ക്കര, പാല്‍, മഞ്ഞള്‍പ്പൊടി, കരിക്കിന്‍വെള്ളം എന്നിവ നിശ്ചിത അനുപാതത്തിലിട്ട് ഉലക്കകൊണ്ട് ഇടിച്ച് കുഴമ്പുപരുവത്തിലാക്കും. ഉലക്കകൊണ്ടുള്ള ഇടിയില്‍തന്നെ ദേവീ മുഖത്തേക്ക് ഈ പ്രസാദം ചിതറും. ഒടുവില്‍ ഈ പ്രസാദം അഭിഷേകം നടത്തിയശേഷം ഉരുളി കമിഴ്ത്തി നടയടയ്ക്കും. പിന്നീട് ഏഴ് ദിവസം കഴിഞ്ഞേ നട തുറക്കൂ. ഈ സമയത്ത് ഭൂതഗണങ്ങളുടെ വിളയാട്ട ഉത്സവമാണെന്നാണ് ഐതീഹ്യം. ഭക്തര്‍ക്ക് അപ്പോള്‍ ഇവിടേയ്ക്ക് പ്രവേശനമില്ല. 


പുതിയ ഉരല്‍ കാട്ടുവള്ളികള്‍, കുരുത്തോലകള്‍ എന്നിവ ചാര്‍ത്തി അലങ്കരിക്കും. കുറിഞ്ഞിക്കാവിലെ വനദുര്‍ഗ്ഗയുടെ വനത്തിന്റെ വന്യതയും ഈ ഉരലിനെ ചുറ്റും. പ്രകൃതിയുമായുള്ള അഭേദ്യമായൊരു ബന്ധമാണിത്. വര്‍ഷങ്ങളായി കടമ്പനാട്ടില്ലംകാരാണ് പൂരംഇടി ചടങ്ങുകള്‍ നടത്തുന്നത്. ഇത്തവണ ഈ കുടുംബത്തിലെ കാരണവര്‍ മധുസൂദന ശര്‍മ്മയാണ് പൂരംഇടിക്ക് നേതൃത്വം നല്‍കുന്നത്.

ഏപ്രില്‍ 9-ലെ മകംനാളിലുള്ള പുരുഷന്‍മാരുടെ താലംതുള്ളലും കുറിഞ്ഞിക്കാവിലെ മാത്രം സവിശേഷതയാണ്.

ഒന്നാം തീയതി മുതല്‍ വൈകിട്ട് 6.30ന് ദീപാരാധനയും തുടര്‍ന്ന് കളമെഴുത്തുപാട്ടും നടക്കും. ഏപ്രില്‍ 2-നാണ് പ്രതിഷ്ഠാദിന ഉത്സവം. അന്ന് ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, സര്‍പ്പത്തിന് നൂറുംപാലും സമര്‍പ്പണം എന്നിവയുണ്ട്. 


9-ാം തീയതി വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് വലിയപാട്ട് ചടങ്ങുകള്‍, പുരുഷന്‍മാരുടെ താലംതുള്ളല്‍, വലിയപാട്ടിന് ശേഷം അന്നദാനം. 10-ാം തീയതി വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് പൂരംഇടി ചടങ്ങുകള്‍. പിന്നീട് ഏഴ് ദിവസം പൂജകള്‍ ഉണ്ടാവില്ല. ഏപ്രില്‍ 18-നാണ് നടതുറപ്പ് ഉത്സവം.

കളമെഴുത്തുംപാട്ടും വഴിപാട് നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് 9846460978, 9400765858 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments