യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്‍ക്കും. ലബനന്‍ തലസ്ഥാനമായ ബേയ്‌റൂട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ശുശ്രൂഷകള്‍ക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ബെയ്‌റൂട്ട് അറ്റ്ചാനെ കത്തീഡ്രലിലാണ് ചടങ്ങുകള്‍. സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 9ന് വചനിപ്പ് തിരുനാളിന്റെ ഭാഗമായി നടക്കുന്ന വി.കുര്‍ബാനയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മികനാകും.
പാത്രിയാര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81 ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും പങ്കെടുക്കും.
മുന്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എംപി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തില്‍ എംഎല്‍എമാരായ അനൂപ് ക്കേബ്, ഇ ടി ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി വി ശ്രീനിജന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷുമുണ്ട്.
യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനാണ് കാതോലിക്ക ബാവാ. അന്ത്യോഖ്യ പാത്രിയർക്കീസ് പരമാദ്ധ്യക്ഷൻ ആയുള്ള സഭയിലെ രണ്ടാം സ്ഥാനീയൻ ആണ് കാതോലിക്ക ബാവ. സഭാ ശുശ്രൂഷയിൽ അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം യാക്കോബായ സഭയുടെ അമരക്കാരനാകുന്നത്.
സഭയുടെ ഏതു പ്രതിസന്ധി ഘട്ടത്തിലും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ നിഴലായി അദ്ദേഹം എല്ലായിടത്തും ഉണ്ടായിരുന്നു. തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വാർധക്യ കാലത്ത് അദ്ദേഹം ഏറെ വിശ്വാസത്തോടെ ചുമതലകൾ കൈമാറിയതും ജോസഫ് മാർ ഗ്രിഗോറിയോസിനാണ്.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബർ 10നാണ് ജനനം.1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലിത്തൻ ട്രസ്റ്റിയായി ചുമതലയേറ്റത്. അമേരിക്കൻ ഐക്യനാട്ടിൽ ഡാലസ് സെയിന്റ് ഇഗ്‌നേഷ്യസ് ഇടവകയിൽ വികാരിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
0 Comments