വേനല്‍ കടുത്തതോടെ കേരളത്തില്‍ പലേടത്തും സൂര്യരശ്മിയില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് മീറ്ററുകളില്‍നിന്ന് ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്. ഞായറാഴ്ച രാവിലെ പ്രസിദ്ധീകരിച്ചതനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂചിക എട്ടാണ്, അതിജാഗ്രത പുലര്‍ത്തേണ്ട സ്ഥിതി.
സൂചിക എട്ടുമുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കുന്നത്. 11-ന് മുകളിലാണ് ഏറ്റവും ഗുരുതര സാഹചര്യം. അപ്പോള്‍ ചുവപ്പ് മുന്നറിയിപ്പ് നല്‍കും. ആറുമുതല്‍ ഏഴുവരെ മഞ്ഞ മുന്നറിയിപ്പാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ഏഴാണ്. തൃത്താലയില്‍ ആറും.
ഒഴിവാക്കണം യു.വി.
അള്‍ട്രാവയലറ്റ് വികിരണം കൂടുതലേല്‍ക്കുന്നത് ചര്‍മത്തില്‍ അര്‍ബുദത്തിനുള്ള സാധ്യതവരെ വര്‍ധിപ്പിക്കാം. സൂര്യാഘാതത്തിനും ചര്‍മരോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകും. തൊപ്പി, കുട, സണ്‍ ഗ്ലാസ് തുടങ്ങിയവ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മറയ്ക്കുന്ന പരുത്തിവസ്ത്രങ്ങളാണ് അഭികാമ്യം.
0 Comments