പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിങ്ങ് കോളേജ് ഓട്ടോണമസിൽ മെഗാ ജോബ് ഫെയർ
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് & ടെക്നോളജി ഓട്ടോണമസിൽ കോമ്പറ്റൻസ് ടെക്നോളജിയുമായി ചേർന്നു മെഗാ ജോബ് ഫെയർ ‘എഫ്ടിആർ 2025’ സംഘടിപ്പിക്കുന്നു. 20.03.2025 -ന് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ കോളേജ് ക്യാമ്പസിലാണ് ജോബ് ഫെയർ നടത്തപ്പെടുക. എഞ്ചിനിയറിങ്ങ്, മാനേജ്‌മെന്റ്, ഫിനാൻസ്, ബാങ്കിംഗ്, അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിലുള്ള ഇരുപത്തഞ്ചിൽപ്പരം കമ്പനികളാണ് പ്രസ്തുത മേളയിൽ ഭാഗഭാക്കാകുന്നത്.
കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ഉദ്യോർഥികളെയാണ് പ്രധാനമായും ജോബ് ഫെയർ കേന്ദ്രീകരിക്കുന്നതെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രജിസ്ട്രേഷൻ ഇതിനകം ലഭിച്ചു കഴിഞ്ഞുവെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ വിവിധ എഞ്ചിനിയറിങ്ങ് കോളേജുകൾക്ക് പുറമേ ആർട്സ് & സയൻസ് കോളേജുകളും ജോബ് ഫെയറിന്റെ ഭാഗമാകും. കമ്പനികളുടെ ഡെലഗേറ്റ്സ് നേരിട്ട് റിക്രൂട്ട്മെന്റിൽ പങ്കുചേരുന്നു എന്ന പ്രത്യേകതയും എഫ്ടിആർ 2025 നുണ്ട്.
തൊഴിൽമാന്ദ്യം നിലനിൽക്കുമ്പോൾ പോലും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രവർത്തിക്കാൻ പാലാ സെന്റ് ജോസഫ്സിനു കഴിയുന്നുവെന്നതിന്റെ തെളിവാണ് ‘എഫ്ടിആർ 2025’ എന്ന് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ പ്രസ്താവിച്ചു. ഡയറക്ടർ റവ. പ്രൊഫ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, പ്ളേസ്മെന്റ് സെൽ മേധാവി സച്ചിൻ ജോസ് എന്നിവർ മെഗാ ജോബ് ഫെയർ ‘എഫ്ടിആർ 2025’ നു നേതൃത്വം നൽകും.
0 Comments