ലഹരിവസ്തുക്കള്‍ വിറ്റ് ടിപ്പര്‍ വാങ്ങി; പ്രതിയുടെ വാഹനം കണ്ടുകെട്ടി പൊലീസ്

 

ലഹരിവസ്തുക്കള്‍ വിറ്റ് വാങ്ങിയ വാഹനം പൊലീസ് കണ്ടുകെട്ടി. മലപ്പുറം വാഴയൂര്‍ സ്വദേശി അബിന്‍ (29)ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. 2024 ജൂണില്‍ പതിമംഗലത്ത് കുന്ദമംഗലം പൊലീസും സിറ്റി ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ 141.88ഗ്രാം എംഡിഎംഎയുമായി അബിന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായിരുന്നു. ഈ കേസിലാണ് പ്രതിയുടെ പേരിലുള്ള ടിപ്പര്‍ലോറി കുന്ദമംഗലം പൊലീസ് കണ്ടുകെട്ടിയത്.


 ബംഗളൂരുവില്‍നിന്നും രാസലഹരി കേരളത്തിലേയ്ക്ക് കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ പ്രതി വലിയ തോതില്‍ പണം സമ്പാദിച്ചതും വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച്, കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പ്രതിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 


നിലവില്‍ പ്രതി കോഴിക്കോട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരേ തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന് മറ്റു സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്‍ അറിയിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments