കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍.
എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് സച്ചിദാനന്ദന്റെ വിമര്‍ശനം. കേരളത്തിലെ അല്‍പ്പമെങ്കിലും ഹൃദയശാലിത്വമുള്ള എല്ലാ മനുഷ്യരും ആശാ വര്‍ക്കര്‍മാരുടെ സമരത്തോട് അനുഭാവമുള്ളവരാണ്. അനുഭാവം പരസ്യമായി പ്രകടിപ്പിക്കാത്ത ആളുകള്‍ പോലും ഉള്ളില്‍ അവരോടൊപ്പമാണെന്ന് സംസാരിച്ചാല്‍ അറിയാനാവും. പലയാളുകളും പല കാരണങ്ങളാല്‍ സത്യങ്ങള്‍ പറയുന്നില്ല എന്നേയുള്ളൂ.
കേരളം ഒരു ജനാധിപത്യ രാജ്യമല്ലാതാവുന്നുവോ എന്ന ഉത്കണ്ഠ തനിക്കുണ്ടെന്ന് സച്ചിദാനന്ദന്‍ പറയുന്നു. ഇന്ത്യയെപ്പോലെ തന്നെയുള്ള അവസ്ഥ കേരളത്തിലും സംജാതമാവുന്നുണ്ടോ എന്നു സംശയിക്കണം. ഒരു സമരം നടക്കുമ്പോള്‍ അത് ആരു തന്നെ നടത്തിയാലും, അവരുടെ ആവശ്യങ്ങളില്‍ അല്‍പ്പമെങ്കിലും ന്യായമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കഴിയുന്ന രീതിയിലുള്ള ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയുമാണ് സ്വാഭാവിക ജനാധിപത്യ രീതി. ഓണറേറിയം കൂട്ടിയത് കേരള സര്‍ക്കാരാണ് എന്ന് അവകാശപ്പെടുകയും ഇനി കൂട്ടേണ്ടത് കേന്ദ്രമാണ് എന്നു പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ഏതു സാധാരണക്കാരനും മനസ്സിലാവും. മറ്റു സംസ്ഥാനങ്ങളിലെ പ്രതിഫലവുമായി താരതമ്യപ്പെടുത്തുന്നതിന്റെ അര്‍ത്ഥശൂന്യതയും സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.
കാരണം കേരളം യുപിയോ ബിഹാറോ ആവണമെന്ന് നാം ആഗ്രഹിക്കുന്നില്ല. യുപിയും ബിഹാറും പോലുള്ള അനേകം സംസ്ഥാനങ്ങളുടെ അവസ്ഥ പിന്നിട്ടാണ് നാം മുന്നേറിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കേരളം ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. കേരളത്തില്‍ ജീവിത നിലവാരം ഉയര്‍ന്നതാണ്, ജീവിതച്ചെലവും കൂടുതലാണ്. കൂലി മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാവാത്ത വിധം പത്തിരട്ടിയും ഇരുപത് ഇരട്ടിയും വരെ കൂടുതലാണ്. അത്തരമൊരു സംസ്ഥാനത്തെ തൊഴിലാളികള്‍ ചെറിയ ഓണറേറിയം വര്‍ധന ആവശ്യപ്പെടുമ്പോള്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നതില്‍ വല്ലാത്ത അസംബന്ധമുണ്ട്.
നാം കേരളത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും ആയുര്‍ ദൈര്‍ഘ്യത്തെക്കുറിച്ചുമൊക്കെ അഭിമാനം കൊള്ളുവന്നവരാണ്. അതു ന്യായവുമാണ്. ഈ രീതിയിലുള്ള വളര്‍ച്ചയ്ക്കു വലിയ സംഭാവന നല്‍കിയവരാണ് ആശ വര്‍ക്കര്‍മാര്‍. അത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്ന് അറിയാത്ത ആരും ഇവിടെയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ ഓണറേറിയം നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. കേരളത്തില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വലുതും മഹത്തുമാണ്. പലപ്പോഴും സമയനിഷ്ഠയൊന്നും നോക്കാതെ അവര്‍ക്കു സേവനം ചെയ്യേണ്ടി വരുന്നുണ്ട്. അവര്‍ സഹതാപമല്ല, ബഹുമാനവും പരിഗണനയുമാണ് അര്‍ഹിക്കുന്നത്.
അവരെ അധിക്ഷേപിക്കുകയോ പരുഷമായ പുരുഷ ഭാഷയില്‍ ശകാരിക്കുകയോ ന്യൂനപക്ഷമാണെന്നു ചൂണ്ടിക്കാണിച്ച് അപഹസിക്കുകയോ ചെയ്യാതെ യഥാര്‍ഥമായ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയാണ് വേണ്ടത്. ഹിന്ദുക്കളാണ് ഭൂരിപക്ഷം, അതുകൊണ്ടു ഹിന്ദുക്കളുമായേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്ന യുക്തി തന്നെയാണ് ഇവര്‍ ന്യൂനപക്ഷമാണ് എന്നു പറഞ്ഞു തള്ളുന്നതിലുമുള്ളത്. ന്യൂനപക്ഷത്തിന്റെ സമരമാണ് എന്നത് ഒരു ഇടതു പക്ഷ സര്‍ക്കാര്‍ ഒരിക്കലും പറയരുതാത്ത വാദമാണ്- സച്ചിദാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു വിളിച്ച് സ്വന്തം സാമ്പത്തിക സ്ഥിതി ബോധ്യപ്പെടുത്തണം. ആശ വര്‍ക്കാര്‍മാര്‍ ആവശ്യപ്പെടുന്നത്ര കഴിയില്ലെങ്കിലും കഴിയുന്നത് അനുസരിച്ചുള്ള വര്‍ധനയെങ്കിലും അവര്‍ക്കു നല്‍കണമെന്ന് സച്ചിദാനന്ദന്‍ പറയുന്നു.
0 Comments