കല്ലൂർക്കാട് വെള്ളാരംകല്ല് കല്ലിങ്കൽ ഗോപിയുടെ മകൻ കെ.ജി അനു(35)വിനെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്.വിദേശത്തു താമസിക്കുന്ന ഒരു കുടുംബത്തിൻ്റെ വീട് സൂക്ഷിപ്പുമായി ബന്ധപ്പെട്ട് ചാലിൽ പ്രദേശത്താണ് അനു ഒറ്റയ്ക്ക് താമസിച്ചിരുന്നത്. സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാതെ വന്നതിനെ തുടർന്ന് ഞായറാഴ്ച രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്.
പിന്നിലെ മുറിയിൽ രക്തം കണ്ടതിനെത്തുടർന്ന് കല്ലൂർക്കാട് പോലീസിൽ വിവരമറിയിച്ചു.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മറ്റു ദുരൂഹ സാഹചര്യങ്ങളൊന്നും പ്രാഥമികമായി കണ്ടെത്തിയിട്ടില്ല.രക്തം ഛർദ്ദിച്ച് മരിച്ചതായാണ് നിഗമനം.
പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. കല്ലൂർക്കാട് എസ്ഐ കെ.ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ വി.എ അസീസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മൂവാറ്റുപുഴ ഡിവൈഎസ്പി പി.എസ് ബൈജു, പുത്തൻകുരിശ് ഡിവൈഎസ്പി വി.റ്റി ഷാജൻ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.അവിവാഹിതനാണ് പരേതൻ.മാതാവ്:ഗിരിജ. സഹോദരൻ:വിനു.
0 Comments