കടുത്തുരുത്തി വാലാച്ചിറ പാടത്ത് പൊന്നു വിളയിച്ച് സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർഥികളും, പാടശേഖര സമിതി അംഗങ്ങളും.
കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കടുത്തുരുത്തി വാലാച്ചിറ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം നടന്നു. വാലാച്ചിറ പാടശേഖരസമിതി അംഗങ്ങളും, കർഷകരും, സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും കൊയ്ത്തു ഉത്സവ പരിപാടികളിൽ പങ്കെടുത്തു.
കൃഷിയുടെ മഹത്വവും, അധ്വാനത്തിന്റെ മഹത്വവും, പരിസ്ഥിതി യോടുള്ള സ്നേഹവും, കുരുന്നു മനസ്സുകളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷവും വാലാച്ചിറ പാടശേഖരസമിതി അംഗങ്ങളുടെ സഹകരണത്തോടെ നെൽകൃഷി പദ്ധതിയുമായി മുന്നോട്ടു വന്നത്.
നവംബർ പതിനൊന്നാം തീയതി സ്കൂൾ പ്രധാന അധ്യാപിക സുജാ മേരി തോമസ് ഉദ്ഘാടനം നിർവഹിച്ച നെൽകൃഷിയുടെ വിവിധ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾക്ക് പങ്കാളിത്തം ലഭിച്ചു.
നാടൻ വേഷങ്ങൾ അണിഞ്ഞ പാടത്തെ ചേറിൽ ഇറങ്ങി വിദ്യാർത്ഥികൾ വിത്തു വിതയ്ക്കുകയും, തുടർന്ന് കൃഷിയുടെ വിവിധ പ്രവർത്തനങ്ങൾ ആയ വെള്ളം കയറ്റുക, കള പറിക്കുക, വളം ഇടുക, തുടങ്ങിയ പ്രവർത്തനങ്ങളിലും കർഷകരോടൊപ്പം തന്നെ ജോലി ചെയ്യുന്നതിന് വിദ്യാർത്ഥികളെയും പങ്കാളികളാക്കി. വാലാച്ചിറ പാടശേഖരത്തിന് സമീപത്ത് വീടുള്ള വിദ്യാർത്ഥികളും, അവരുടെ മാതാപിതാക്കളും നെൽകൃഷിയുടെ മുഴുവൻ സമയപ്രവർത്തനങ്ങളിലും കർഷകരോടൊപ്പം തന്നെ പങ്കാളികളാവുന്നുണ്ടായിരുന്നു.
പാടശേഖരസമിതി കൃഷി ചെയ്യുന്ന വാലാച്ചിറ പാടത്തെ 36 ഏക്കർ പാടത്തെ, 40 സെന്റ് സ്ഥലത്താണ് സ്കൂളിലെ വിദ്യാർഥികൾ വിത്ത് വിതച്ചത്. 120 ദിവസം കൊണ്ട് പാകമാകുന്ന ഉമ നെൽവിത്താണ് വിദ്യാർത്ഥികൾ വിതച്ച് കൊയ്തെടുത്തത്.
വിദ്യാർത്ഥികളുടെ ശ്രമദാനത്തെ സ്വീകരിച്ചുകൊണ്ട്, കൃഷിയുടെ വിവിധ പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കിയതിനും, കൃഷി അനുഭവങ്ങൾ നേരിട്ട് പകർന്നു നൽകിയതിനും പാടശേഖര സമിതി അംഗങ്ങളെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.
കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഓർഡിനേറ്റർ ജിനോ തോമസ്, വാലാച്ചിറ പാടശേഖരം സമിതി സെക്രട്ടറി മാത്തച്ചൻ നിലപ്പന, സ്കൂളിലെ വിദ്യാർഥികൾ എന്നിവർ ചേർന്ന് അരിവാളിന് നെൽക്കതിരുകൾ കൊയ്തു കൊണ്ടാണ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്. പാടശേഖരത്തിലെ കൊയ്ത്ത് പൂർണ്ണമായും കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെയാണ് നടത്തപ്പെട്ടത്.
അരിവാളുകൊണ്ട് നെൽക്കതിർ കൊയ്തെടുക്കുന്നതും, കൊയ്ത്ത് യന്ത്രം കൊണ്ട് കൊയ്തെടുക്കുന്നതും, കൊയ്തെടുക്കുന്ന നെല്ല് കൂമ്പാരമായി ശേഖരിക്കുന്നതും, യന്ത്ര സഹായത്തോടെ വൈക്കോൽ ചുരുളുകൾ ആക്കുന്നതും എല്ലാം പല കുട്ടികൾക്കും നവ്യ അനുഭവമായിരുന്നു.
അധ്യാപകൻ രാഹുൽദാസ് കെ ആർ, സിബി എടക്കര, മാത്തച്ചൻ നിലപ്പന, സാബു പാലച്ചുവട്ടിൽ, വിനോദ് ഞാറക്കാട്ടിൽ, തോമസ് പത്തുപറ, ബൈജു പത്തുപറ സോണി വടക്കേ പറമ്പിൽ, ബേബി വഞ്ചിപ്പുര എന്നിവർ കൊയ്ത്തുത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments