മയക്കുമരുന്നുകളോട്
വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം - ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.
ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ നാം പ്രയോഗിക്കേണ്ടിവരും. മുന്‍കാലത്തൊന്നും കാണാത്തവിധമുള്ള പകര്‍ച്ചവ്യാധി പോലെ മാരക ലഹരി സമസ്ത മേഖലയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് കേസുകളാണ് സര്‍ക്കാരും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാ മനുഷ്യരിലേക്കും ഭയം വളര്‍ന്നിരിക്കുകയാണ്.
ഇതുവരെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രവര്‍ത്തന ശൈലിയിലൂടെ മാത്രമേ ഇതിനെ തടയാന്‍ സാധിക്കൂ. ഈവിധമുള്ള പ്രവര്‍ത്തനമാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി തുടക്കം കുറിച്ചിരിക്കുന്നത്. ലഹരി നാം ഉപയോഗിക്കില്ല എന്ന കരുത്തുറ്റ മനസ്സില്‍ 'കരുത്തുറ്റ ഒരു ലോക്ഡൗണ്‍' നാം സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു.
ആദ്യദിനമായ ഇന്ന് (17.3.25) പാലാ മുനിസിപ്പല്‍ ഏരിയായില്‍ 'ഡോര്‍ ടു ഡോര്‍' പ്രചരണ പരിപാടിയില്‍ പാലാ സെന്റ് തോമസ് കോളേജ്, അല്‍ഫോന്‍സാ കോളേജ്, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുനിസിപ്പല്‍ അതിര്‍ത്തിയിലെ വിവിധ കോളനികള്‍, ഓട്ടോറിക്ഷാ സ്റ്റാന്റ്, വിവിധ ഭവനങ്ങള്‍ എന്നിവിടങ്ങളിലും ലഹരിവിരുദ്ധ സേനാംഗങ്ങള്‍ കയറിച്ചെന്ന് ആളുകളുമായി ആശയവിനിമയം നടത്തുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്തു. നാളെ (18.03.25) രാമപുരം, കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളില്‍ പ്രചരണ പരിപാടികള്‍ തുടരും.
പാലാ ളാലം പള്ളി ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളുടെയും പി.ടി.എ. പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെയും സുപ്രധാന സമ്മേളനത്തില്‍ ലഭിച്ച സ്വീകാര്യതയും തുടര്‍ന്ന് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ച വ്യാപക പിന്തുണയുമാണ് ലഹരി വിനാശത്തിനെതിരെ ഊര്‍ജ്ജിത നീക്കത്തിന് രൂപതയെ പ്രേരിപ്പിച്ചത്.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, അല്‍മായര്‍, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ. ജോസ്, സാബു എബ്രഹാം, ജോസ് കവിയില്‍, ആന്റണി മാത്യു തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.
പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസ്സുകള്‍, 'ഡോര്‍ ടു ഡോര്‍' ബോധവല്‍ക്കരണം, കോളനികള്‍, ടാക്‌സി-ഓട്ടോ-ബസ് സ്റ്റാന്റുകള്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് നടക്കുന്ന സമ്മേളനത്തില്‍ കേരള ഗവര്‍ണ്ണറെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നവിധമാണ് പരിപാടികള്‍ ക്രമീകരിച്ചരിക്കുന്നത്.
0 Comments