ആലപ്പുഴ കുട്ടനാട് മാമ്പുഴക്കരിയിൽ അറുപത്തിരണ്ടുകാരി കൃഷ്ണമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചയുടെ ബുദ്ധികേന്ദ്രം നെയ്യാറ്റിൻകര ആറാലുമ്മൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപ(41) ആണെന്ന് പൊലീസ് പറയുന്നു. ദീപയെ കൂടാതെ ഇവരുടെ മക്കളായ അഖിൽ, അഖില, ദീപയുടെ സുഹൃത്ത് രാജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. തന്റെ പദ്ധതിയെ കുറിച്ച് ദീപ രാജേഷിനോട് പറഞ്ഞപ്പോൾ ഇയാൾ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് തന്റെ മകളെ വിവാഹം ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതി രാജേഷിനെ ഒപ്പം കൂട്ടിയത്. എല്ലാം വളരെ കൃത്യമായി തന്നെ ദീപ ആസൂത്രണം ചെയ്ത് നടപ്പാക്കിയെങ്കിലും സംഭവം നടന്ന ഫെബ്രുവരി 19-നു പകൽ തന്നെ പൊലീസ് രാജേഷിനെ പിടികൂടിയതോടെയാണ് ദീപക്കും കുടുക്ക് മുറുകിയത്.
ഫെബ്രുവരി 19-ന് പുലർച്ചെ രണ്ടുമണിയോടെയാണ് ദീപയും സംഘവും കൃഷ്ണമ്മയുടെ വീട്ടിൽ കവർച്ച നടത്തിയത്. കൃഷ്ണമ്മയെ മർദിച്ച ശേഷം കെട്ടിയിട്ടായിരുന്നു കവർച്ച. മൂന്നരപ്പവന്റെ സ്വർണം, 36,000 രൂപ, എടിഎം കാർഡ്, ഓട്ടുപാത്രങ്ങൾ എന്നിവയാണ് പ്രതികൾ കവർന്നത്. ഇതിന് മുന്നേ തന്നെ തന്റെ പദ്ധതി പ്രകാരം ദീപ കൃഷ്ണമ്മയുമായി അടുപ്പം സ്ഥാപിക്കുകയും ഇവരുടെ വീട്ടിൽ സഹായിയായി കയറിപറ്റുകയും ചെയ്തിരുന്നു. ഇതോടെ രാജേഷ് ഉൾപ്പെടെയുള്ളവർക്ക് അടുക്കള വാതിൽ തുറന്നിടാൻ ദീപക്ക് സാധിക്കുകയും ചെയ്തു. കുറച്ചുനാളത്തെ പരിചയത്തെത്തുടർന്ന് കൃഷ്ണമ്മയുടെ വിശ്വാസമാർജിച്ച ദീപ കവർച്ചയ്ക്ക് ഒരാഴ്ച മുൻപ് ദീപയുടെ വീട്ടിൽ സഹായിയായി നിൽക്കുകയായിരുന്നു. കവർച്ചയ്ക്കുശേഷം ഇവരെ കാണാതായതോടെ ഇവരുടെ പങ്ക് പൊലീസ് സംശയിച്ചു.
രാജേഷിന്റെ മൊഴിപ്രകാരം നടത്തിയ തിരച്ചിലിൽ അഖിൽ തിരുവനന്തപുരത്തുനിന്ന് പൊലീസിന്റെ പിടിയിലായിരുന്നു. പക്ഷേ നിയമസഹായം ലഭ്യമായെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് അഖിൽ പൊലീസിനോട് ഇടപെട്ടത്. പരസ്പരവിരുദ്ധമായി പൊലീസിനെ കുഴക്കുന്ന തരത്തിലാണ് അഖിൽ മൊഴി കൊടുത്തത്. ബിസിനസ് രംഗത്തെ ഉന്നതരായ പലരുടെയും മക്കളെ കേസിൽ കുടുക്കാൻ ഇയാൾ ശ്രമിച്ചു. സത്യമറിയാൻ ഇവരിൽ പലരെയും വിളിച്ചുവരുത്തി പൊലീസിന് ചോദ്യം ചെയ്യേണ്ടി വന്നു. അന്വേഷണത്തിൽ കെട്ടിച്ചമച്ച മൊഴിയാണ് ഇതെന്ന് മനസ്സിലാക്കി പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. തിങ്കളാഴ്ച അഖിലിനെയും രാജേഷിനെയും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് വീണ്ടും അപേക്ഷ നൽകും. ഒരുതവണ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇനി ദീപയുടെ ഒപ്പമിരുത്തി ശാസ്ത്രീയമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
കേസിൽ പ്രതിചേർക്കപ്പെട്ട ദീപയും മകൾ അഖിലയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ഇരുവരോടും നിർദേശിച്ചു. ഇതനുസരിച്ച് 21-ന് ദീപ രാമങ്കരി സിഐക്കു മുന്നിൽ ഹാജരായി. രാമങ്കരി കോടതിയിൽ റിമാൻഡു ചെയ്ത ദീപയെ അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദീപയെ രാമങ്കരിയിൽ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവന്നത്. പൊലീസ് ജീപ്പിൽനിന്നിറങ്ങിയ ദീപ ഒട്ടും പതറാതെ കൃഷ്ണമ്മയുടെ വീട്ടിലേക്കു നടന്നു. റോഡിൽനിന്നു കൃഷ്ണമ്മയുടെ വീട്ടിലേക്ക് കഷ്ടിച്ച് 30 മീറ്റർ മാത്രം ദൂരംവരുന്ന നടവഴി. ദീപ മുന്നിലും പോലീസ് പിന്നിലുമായിരുന്നു. ഫോട്ടോ എടുക്കുന്നവരെ കണ്ടപ്പോൾ വലതുകൈകൊണ്ട് ഭാഗികമായി മുഖംമറയ്ക്കാൻ ചെറിയ ശ്രമം നടത്തി.
നാട്ടുതോടിനു മറുകരയാണ് കൃഷ്ണമ്മയുടെ വീട്. തോടിനു കുറുകേ കോൺക്രീറ്റ് സ്ലാബ് ഇട്ടൊരു ചെറുപാലത്തിലൂടെ കയറിയാണ് വീട്ടിലേക്ക് എത്തുന്നത്. വീടിന്റെ മുൻവശത്തുവന്ന് സംശയത്തോടെ നിന്ന ദീപയോട് വീടിന്റെ പിന്നിലേക്കു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. വാതിൽ എങ്ങനെയാണ് തുറന്നുനൽകിയത് എന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. വീടിന്റെ പിൻവാതിലിനുസമീപം വന്ന ദീപ പൊലീസിന്റെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായി മറുപടി നൽകി. അടുക്കള വാതിലിലൂടെ വീടിനകത്തേക്കു കയറി. കൃഷ്ണമ്മയെ കണ്ടപ്പോൾ മുഖം കൊടുക്കാതെ ദീപ തലകുനിച്ചുനിന്നു. എങ്ങനെയാണ് കവർച്ച നടത്തിയത്, എവിടെയാണ് കൃഷ്ണമ്മ കിടന്നിരുന്നത് എന്ന് പൊലീസിന്റെ ചോദ്യം. മറുപടിയായി കൃഷ്ണമ്മ കിടന്ന മുറിയിലേക്ക് ദീപ പൊലീസിനെ കൊണ്ടുപോയി. കവർച്ചദിവസം രാത്രി മുറിയിലേക്കു കടന്നുവന്നപ്പോൾ കൃഷ്ണമ്മ കട്ടിലിൽ ഇരിക്കുകയായിരുന്നു എന്ന് ദീപ പറഞ്ഞു. അപ്പോഴേക്കും കൃഷ്ണമ്മ ഇടയിൽക്കയറി അതു നിഷേധിച്ചു. താൻ കട്ടിലിൽ കിടക്കുകയായിരുന്നു. മൊബൈൽ വെട്ടത്തിൽ ദീപയും സഹായികളും മുറിയിൽ കടന്നുവന്നു. കട്ടിലിൽ കിടന്ന തന്നെ മർദിച്ചു. കാൽമുട്ടുകൊണ്ട് കൈ അമർത്തിപ്പിടിച്ച് വായിൽ തുണി തിരുകി കഴുത്തിൽ ഞെക്കിപ്പിടിച്ചു.
പ്രതികൾ കൊണ്ടുവന്ന മഞ്ഞ നിറത്തിലുള്ള തുണികൊണ്ട് കൈകാലുകൾ ബന്ധിച്ചു. ബലപ്രയോഗത്തിനിടെ ബോധം നഷ്ടപ്പെട്ടു. കൃഷ്ണമ്മ ഇതു പറയുമ്പോൾ ദീപ വിതുമ്പിക്കരയുകയായിരുന്നു. സ്വർണവും പണവും ഉരുളിയും പുട്ടുകുറ്റിയും അടക്കം കൊണ്ടുപോയി. ‘തലേന്ന് ഒന്നിച്ചിരുന്ന് പുട്ടുണ്ടാക്കി കഴിച്ചതാണ് സാറേ ഞങ്ങൾ’ എന്ന് കൃഷ്ണമ്മ പറയുമ്പോൾ ദീപയുടെ വിതുമ്പൽ കൂടുതൽ ശക്തിയിലായി. സാധനങ്ങളോ പണമോ സ്വർണമോ എല്ലാം അവർ എടുത്തോട്ടെ. എന്നെ അടിച്ചു, എന്നെ ആവശയാക്കി അതെനിക്ക് ഒട്ടും സഹിക്കാൻ പറ്റില്ല. എന്നോട് ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. കൃഷ്ണമ്മ പറഞ്ഞപ്പോൾ ദീപയുടെ വിതുമ്പൽ പൊട്ടിക്കരച്ചിലോളം എത്തി. തെളിവെടുപ്പ് പൂർത്തിയാക്കി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ പെട്ടെന്നുതന്നെ കരച്ചിൽ മാറി ദീപയുടെ ചുണ്ടിൽ ചിരിവിടർന്നു. ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസുകാരോട് എന്തോ പതിഞ്ഞസ്വരത്തിൽ പറഞ്ഞു ചിരിച്ചു. മെല്ലെ നടന്ന് പൊലീസ് നിർദേശപ്രകാരം ജീപ്പിൽക്കയറി മടങ്ങി.
അതേസമയം, ദീപയുടെ മകൾ അഖില ഇനിയും കീഴടങ്ങാൻ തയ്യാറായിട്ടില്ല. അഖിലയുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഏഴു വയസുള്ള സഹോദരിയുടെ സംരക്ഷണം ഏറ്റെടുത്തതിനാലാണ് അഖില കീഴടങ്ങാൻ തയ്യാറാകാത്തത് എന്നാണ് റിപ്പോർട്ട്..
0 Comments