എന്‍.എസ്.എസ് മോസ്സസ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജ് കരസ്ഥമാക്കി.



സുനില്‍ പാലാ

എന്‍.എസ്.എസ് മോസ്സസ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജ് കരസ്ഥമാക്കി. 
 
എം.ജി. സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീം മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ മോസ്സസ് ട്രോഫിയാണ്  ഇത്തവണ പാലാ അല്‍ഫോന്‍സാ കോളേജ് കരസ്ഥമാക്കിയത്. 
 
നീണ്ട 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോസ്സസ് ട്രോഫിയില്‍ അല്‍ഫോന്‍സാ കോളേജ് വീണ്ടും മുത്തമിടുന്നത്. 2021 മുതല്‍ 2024 വരെയുള്ള കാലയളവിലെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെയാണ് മറ്റു കോളേജുകളെ പിന്നിലാക്കി അല്‍ഫോന്‍സായിലെ പെണ്‍പട ഈ നേട്ടം കൈവരിച്ചത്.


നിര്‍ദ്ധനരും രോഗികളുമായ ഭവനരഹിതരെ കണ്ടെത്തി 34 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണ്. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും പാലാ രൂപത ഹോം പ്രോജക്ടുമായി സഹകരിച്ചാണ് ഈ സ്നേഹവീട് പദ്ധതി എന്‍. എസ്. എസ്. പൂര്‍ത്തിയാക്കിയത്. 
 
കൂടാതെ മീനച്ചിലാര്‍ സംരക്ഷണം,  രണ്ട് വില്ലേജ് ദത്തെടുക്കല്‍,  കളരിയമ്മാക്കല്‍ ചെക്ക് ഡാം ശുചീകരണം, സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാവാലിപ്പുഴക്കടവ് മിനി ബീച്ച് ദത്തെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍, പാലാ സബ് ജയിലില്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജനം, പ്ലാസ്റ്റിക് രഹിത കാമ്പസ്, എല്ലാ ആഴ്ചയും അഗതിമന്ദിരങ്ങളില്‍ ഉച്ച ഭക്ഷണ വിതരണം തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് അല്‍ഫോന്‍സാ കോളേജ് ഒന്നാമതെത്തിയത്.
 


എംജി സര്‍വകലാശാലയില്‍  നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി വി. എന്‍. വാസവന്‍ മികച്ച എന്‍. എസ്. എസ്. യൂണിറ്റിനുള്ള പുരസ്‌കാരം പാലാ അല്‍ഫോന്‍സാ കോളേജിന് സമ്മാനിച്ചു. മികച്ച എന്‍. എസ്. എസ്. സൗഹൃദ പ്രിന്‍സിപ്പല്‍, മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച വോളന്റിയര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ യഥാക്രമം ഡോ. ഫാ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍, ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍, ആഷാ  വി. മാര്‍ട്ടിന്‍ എന്നിവര്‍  ഏറ്റുവാങ്ങി. 
 
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. എസ്. എസ്. റീജിയണല്‍ ഡയറക്ടര്‍ വൈ. എം. ഉപ്പിന്‍, സര്‍വകലാശാല എന്‍. എസ്. എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍.ശിവദാസന്‍, അല്‍ഫോന്‍സാ കോളേജ് ബര്‍സാര്‍ ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സി. ജെയ്മി അബ്രാഹം, ഡോ. റോസ് മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സര്‍വകലാശാലയിലെ മികച്ച എന്‍. എസ്. എസ്. യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസര്‍ മികച്ച വോളന്റിയര്‍ എന്നീ അവാര്‍ഡുകള്‍ അല്‍ഫോന്‍സാ കോളേജിന് ലഭിച്ചിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments