സൈബര്‍ തട്ടിപ്പ്.... കേരളത്തില്‍ നിന്ന് ഒറ്റദിവസം തട്ടിയെടുക്കുന്നത് ശരാശരി 85 ലക്ഷം രൂപ.....

 

സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 നും 2024 നും ഇടയില്‍, സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് 1,021 കോടി രൂപ തട്ടിയെടുത്തു, ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ല്‍ 41,426 പരാതികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ലും 2023 ലും യഥാക്രമം 48 കോടിയും 210 കോടിയും മലയാളിക്ക് നഷ്ടമായി. 


ട്രേഡിങ് തട്ടിപ്പുകളിലാണ് അധികം പേരും ഇരയായതെന്ന് പൊലീസ് കണക്കുകള്‍ പറയുന്നു. തട്ടിപ്പുകള്‍ തടയുന്നതിന് പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, സൈബര്‍ കുറ്റവാളികള്‍ പുതിയ തരം തട്ടിപ്പുകളിലൂടെ ഇരകളെ വലയില്‍ വീഴ്ത്തുന്നതായി കേരള പൊലീസ് സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഗെയിമിങ് തട്ടിപ്പുകള്‍, പ്രണയ തട്ടിപ്പുകള്‍ തുടങ്ങിയവ വ്യാപകമായിരുന്നു. 


ഇപ്പോള്‍ ട്രേഡിങ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേരും ഇരകളാകുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന വരുമാനക്കാരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ട്രേഡിങ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വ്യാജ സ്ഥാപനങ്ങള്‍ വഴി നിക്ഷേപം നടത്തിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ ട്രേഡിങ് ആപ്പുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നതായി ബോധവാന്‍മാരാണെങ്കിലും പലരും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നു. 


വിദേശത്ത് നിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകള്‍ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനായി തട്ടിപ്പുകാരുടെ സഹായം തേടിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ പണം കൈമാറിയ വ്യക്തി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഹവാല റാക്കറ്റുകള്‍ക്ക് പണം കൈമാറി. പകരമായി, ഹവാല റാക്കറ്റുകള്‍ തട്ടിപ്പുകാര്‍ക്ക് ക്രിപ്റ്റോകറന്‍സിയില്‍ പണം നല്‍കിയതായും കേസുകളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 


സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുറ്റവാളികള്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്ന വിപിഎന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, അന്വേഷണം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലും, ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും അന്വേഷണം നടത്തണം. സംസ്ഥാന ഖജനാവില്‍ നിന്നടക്കം വന്‍തുകകള്‍ ചിലവാക്കേണ്ട സാഹചര്യമാണുള്ളതും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments