ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ‌​റ്റ്: 53 പേ​ർ പി​ടി​യി​ലാ​യി

 


  വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപാരവും ഉപയോഗവും തടയാന്‍ സംസ്ഥാന വ്യാപകമായി എക്‌സൈസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 53 കേസുകള്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആര്‍.ജി. വയനാടന്‍ എന്ന രഞ്ജിത് ഗോപിനാഥ് ഉള്‍പ്പെടെ 53 പേരാണ് പിടിയിലായത്. കഞ്ചാവ്, കഞ്ചാവ് ചെടികള്‍ എന്നിവയ്ക്കു പുറമേ മാരക ലഹരിമരുന്നായ എംഡിഎംഎയും ഹഷീഷ് ഓയിലും ജില്ലയില്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. 


മറ്റുജില്ലകളില്‍നിന്നാണ് ഇടുക്കിയിലേക്ക് ലഹരി സാധനങ്ങള്‍ കൂടുതലായി എത്തുന്നത്. നാളെവരെയാണ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന നടക്കുന്നതെങ്കിലും തുടര്‍ന്നും ശക്തമായ തോതില്‍ പരിശോധന തുടരുമെന്ന് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. സുരേഷ് പറഞ്ഞു. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് എക്‌സൈസിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിട്ടുണ്ട്. ചിന്നാര്‍, ബോഡിമെട്ട്, കന്പംമെട്ട്, കുമളി ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.


 ജില്ലയിലെ അഞ്ച് സര്‍ക്കിള്‍ ഓഫീസുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ രണ്ട് സ്‌പെഷ്യല്‍ സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥരും രാത്രിയും പകലുമായി നടക്കുന്ന പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. പുറമേ നിന്നെത്തുന്ന സഞ്ചാരികളില്‍നിന്നാണ് കൂടുതലായും ലഹരിവസ്തുക്കള്‍ പിടികൂടിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ജില്ലയിലേക്ക് ലഹരി ഉത്പന്നങ്ങള്‍ കടന്നുവരുന്നത് തടയുകയാണ് ലക്ഷ്യം. ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്‌കൂള്‍, കോളേജ് പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. 


വാഗമണ്‍, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിടിയിലായതിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നിരീക്ഷണം ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തിലും ലഹരി പരിശോധന ഊര്‍ജിതമായി നടന്നുവരികയാണ്. അതേസമയം ബോധവത്കരണം, പരിശോധന, ശിക്ഷാനടപടികള്‍ എന്നിവ തകൃതിയായി നടക്കുന്‌പോഴും ലഹരി ഒഴുക്ക് നിര്‍ബാധം തുടരുകയാണ്. 


പലപ്പോഴും പിടിക്കപ്പെടുന്നവരില്‍ മാത്രമായി അന്വേഷണം ഒതുങ്ങുകയാണെന്നും വന്‍ ലഹരിക്കച്ചവടക്കാര്‍ കേസില്‍നിന്നു രക്ഷപ്പെടുകയാണെന്നും പരാതിയുണ്ട്. പല കേസുകളിലും പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. ഇതിനിടെ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആര്‍.ജി. വയനാടന്‍ എന്ന രഞ്ജിത് ഗോപിനാഥ് പിടിയിലായ കേസില്‍ ലഹരി ഉത്പന്നം ഇയാള്‍ക്ക് ലഭിച്ച വഴികളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി. പനന്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്‌സൈസ് പരിശോധന നടത്തിയിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments