ഇപ്പോൾ എമ്പുരാനും സെൻസർ ബോർഡുമാണല്ലോ എവിടെയും ചർച്ചാ വിഷയം. .......17 വർഷം മുമ്പ് അതായത് 2008ൽ 24 മണിക്കൂർ സമയം തികയ്ക്കും മുമ്പ് ഒരു മലയാള സിനിമയ്ക്ക് കത്രിക വയ്പ്പിച്ച സംഭവം പൊതു പ്രവർത്തകനും പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി . ജെ. ജോസ് എഴുതുകയാണ്.......



ഇപ്പോൾ എമ്പുരാനും സെൻസർ ബോർഡുമാണല്ലോ എവിടെയും ചർച്ചാ വിഷയം. .......17 വർഷം മുമ്പ് അതായത് 2008ൽ 24 മണിക്കൂർ സമയം തികയ്ക്കും മുമ്പ് ഒരു മലയാള സിനിമയ്ക്ക് കത്രിക വയ്പ്പിച്ച സംഭവം പൊതു പ്രവർത്തകനും പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  ചെയർമാനുമായ  എബി . ജെ. ജോസ് എഴുതുകയാണ്.......

മലയാളചലച്ചിത്രതാര സംഘടനയായ A.M.M.A.യുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ, ജോഷി സംവീധാനം ചെയ്ത് നടൻ ദിലീപിനു വേണ്ടി ഗ്രാൻറ് പ്രൊഡക്ഷൻ നിർമ്മിച്ചു  പുറത്തിറക്കിയ ട്വൻ്റി 20 എന്ന ചിത്രത്തിനാണ് 24 മണിക്കൂറിനുള്ളിൽ കത്രിക വയ്ക്കാൻ സെൻസർ ബോർഡ് നിർബ്ബന്ധിതമായത്.

സാധാരണ ഗതിയിൽ തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവ് എനിക്കില്ല. പോയാൽ തന്നെ അര മണിക്കൂറിനുള്ളിൽ ഉറക്കം പിടിക്കും. താരങ്ങളെല്ലാം അഭിനയിച്ച സിനിമയായതിനാൽ അതെങ്ങനെ എല്ലാവരെയും ഒപ്പിച്ചു എന്നു കാണാനാണ് ട്വൻ്റി 20 കാണാൻ കയറിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് തുടങ്ങി എല്ലാ താരങ്ങളും അണിനിരന്നിട്ടുണ്ട്.

2008 ഡിസംബർ 9 ന് പാലായിലെ ജോസ് തിയേറ്ററിലാണ് മറ്റു തിരക്കുകളില്ലാത്തതിനാൽ സിനിമ കാണാൻ കയറിയത്. സിനിമ കണ്ടു കൊണ്ടിരിക്കെ നടൻ മോഹൻലാൽ അവതരിപ്പിക്കുന്ന ദേവരാജപ്രതാപവർമ്മ എന്ന കഥാപാത്രത്തോട് അനിയൻ കഥാപാത്രമായ നടൻ ദിലീപ് അവതരിപ്പിക്കുന്ന കാർത്തിക് വർമ്മ എന്ന കഥാപാത്രം പറയുന്ന ഡയലോഗ് കേട്ട് ഞെട്ടിത്തരിച്ചു പോയി. അത് താഴെ പറയുന്ന പ്രകാരമായിരുന്നു അവതരിപ്പിക്കപ്പെട്ടത്. 



മോഹൻലാൽ അവതരിപ്പിക്കുന്ന ദേവരാജപ്രതാപവർമ്മയുടെ വീടാണ് പശ്ചാത്തലം.

ടെലിവിഷനിലെ ക്രിക്കറ്റുകളി കാണുന്നതിനിടയിൽ ദേവനോട് ചൂടാകും പോലെ, കാർത്തിക്: അതു പറയരുത്, അതു മാത്രം പറയരുത്. മണിപ്പാൽ മെഡിക്കൽ കോളേജീന്നും, മൈസൂർ മെഡിക്കൽ കോളേജീന്നും എന്നെ പിടിച്ചു പുറത്താക്കിയത് എൻ്റെ കുഴപ്പം കൊണ്ടല്ല, എൻ്റെ പ്രിൻസിപ്പൽസുമായി അവിടുത്തെ പ്രിൻസിപ്പാൾ ഒത്തുപോകാത്തതുകൊണ്ടാ. ദേവന്റെ അരികിലേക്ക് വന്നുകൊണ്ട്,

കാർത്തിക്: ഏട്ടാ, അവരു പറയുന്ന സമയത്ത് ക്ലാസിൽ ചെല്ലണം,

പഠിക്കണം, പരീക്ഷ എഴുതണം എന്നൊക്കെ പറഞ്ഞാല് ഫീസ് നമ്മളാണ് കൊടുക്കുന്നതെന്ന് ഓർക്കണേ- എന്താദ്, വെള്ളരിക്കാപ്പട്ടണോ? നമുക്ക് വേണ്ടത് ഫ്രീഡമാണ്. 1947-ൽ നമ്മുടെ മഹാത്മജി അത് നമുക്ക് കഷ്ട‌പ്പെട്ട് വാങ്ങിതന്നിട്ടുണ്ട്. ഉപ്പുതിന്നും വെള്ളം കുടിച്ചും, തെണ്ടിനടന്നും!

ജഗതീ ശ്രീകുമാർ അവതരിപ്പിക്കുന്ന കഥാപാത്രം ശങ്കരൻ: ഉപ്പുസത്യാഗ്രഹവും, ദണ്‌ഡിയാത്രയും അതാണ് അനിയൻ ഉദ്ദേശിച്ചത്.

ഈ ആക്ഷേപകരവും നിന്ദ്യവുമായ വാക്കുകൾ നടൻ ദിലീപ് പറഞ്ഞത് പത്മശ്രീ ഭരത് ലഫ് കേണൽ മോഹൻലാലിനോടാണ്. അത് കേട്ടിട്ടു ഉപ്പുസത്യാഗ്രഹവും ദണ്ഡിയാത്രയുമാണെന്ന് ഉറപ്പിച്ചതാകട്ടെ ജഗതി ശ്രീകുമാറും. ദിലീപ് നടത്തുന്ന അധിക്ഷേപത്തിന് പത്മശ്രീ ഭരത് ലെഫ്നൻ്റ് കേണൽ മോഹൻലാലും ജഗതിശ്രീകുമാറും ഒരു ചളിപ്പുമില്ലാതെ സാക്ഷ്യം വഹിക്കുന്നു. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്നതിനും സ്വതന്ത്ര്യസമര ചരിത്രത്തെ അവഹേളിക്കുന്നതിനും ഏത് ഇന്ത്യാക്കാരന്, ഏതു സൈനികന് കേട്ട് നിൽക്കാനാവും. 

ഇന്ത്യൻ ഭരണഘടന പറയുന്നത് താഴെ പറയും വിധമാണെന്നു കൂടി ഓർക്കേണ്ടതുണ്ട്.

1976 - ൽ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ 4-)0 ഭാഗത്തിന്റെ ആദ്യഖണ്ഡത്തിലെ 51 (a) -മത്തെ ആർട്ടിക്കിളിലാണ് മൗലിക കർത്തവ്യങ്ങളെന്തെന്ന് വിശദമാക്കുന്നത്.[1]

ഭരണഘടന അനുശാസിക്കുന്ന ആദർശങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുകയും, അനുസരിക്കുകയും ചെയ്യുക.
കൂടാതെ നമ്മുടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, സ്നേഹിക്കുക, ദേശീയ സ്വാതന്ത്ര്യത്തിന്റെ ഉദയത്തിന് കാരണമായ ആദർശപരമായ ആശയങ്ങളെ ഓർമ്മിക്കുക, പിൻതുടരുക. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ദിശാബോധം നൽകിയ ഉപ്പുസത്യാഗ്രഹത്തെയും ദണ്ഡിയാത്രയെയുമാണ് ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന മാധ്യമമായ സിനിമയിലൂടെ ഈ സിനിമാക്കാർ താറടിച്ച് കാണിച്ചത്.

ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണയും സിബി കെ. തോമസുമായിരുന്നു.

ആഴ്ചകളായി കേരളത്തിൽ ഉടനീളം പ്രദർശിപ്പിച്ചുവരുന്ന ഈ ചിത്രത്തിലെ അധിക്ഷേപം കേട്ടുകൊണ്ടിരുന്ന ആളുകളെ ഓർത്തു പോയി. പിന്നെ തിയേറ്ററിൽ ഇരുന്നില്ല. തിയേറ്റർ മാനേജരായ സുഹൃത്ത് റോയി പനയ്ക്കച്ചാലിയോട് പരാതിയും പറഞ്ഞു. തുടർന്നാൽ തിയേറ്ററിനു മുന്നിൽ പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. നേരെ പുറത്ത് വന്ന് തിരുവനന്തപുരത്ത് സെൻസർ ബോർഡിൽ വിളിച്ചു. അന്ന് ഓഫീസർ എം പി ജോൺ എന്ന ആളായിരുന്നു. അധിക്ഷേപരംഗങ്ങളോടെ ചിത്രത്തിന് സർട്ടിഫിക്കേറ്റ് നൽകി പ്രദർശനാനുമതി നൽകിയതിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. തുടർന്നു പരാതി ഫാക്സ് ചെയ്തു കൊടുത്തു. 

പ്രസ്തുത രംഗം ഒഴിവാക്കാൻ അറിയിപ്പ് വന്നെന്ന് പിറ്റേന്ന് ഉച്ചയോടെ ജോസ് തിയേറ്റർ മാനേജർ റോയി വിളിച്ചറിയിച്ചു. 11 ന് വന്ന തപാലിൽ 9 ന് കൊടുത്ത പ്രകാരം പരാതിക്ക് അന്നു തന്നെ നടപടി സ്വീകരിച്ചതായി സെൻസർ ബോർഡ് ഉദ്യോഗസ്ഥൻ എം പി ജോൺ അറിയിച്ചു. 

ഇത്രയൊക്കെയായിട്ടും കേരളത്തിലെ ഒരു ടിവി ചാനലും സംഭവം റിപ്പോർട്ട് ചെയ്തില്ല. മെട്രോവാർത്ത, കേരള ടൈംസ് തുടങ്ങി ഏതാനും പത്രങ്ങളിൽ മാത്രമാണ് സംഭവം വാർത്തയായത്. രാഷ്ട്രീയ പാർട്ടികളോ മറ്റാരും തന്നെ ഇത് കണ്ടതായി നടിച്ചില്ല. താരങ്ങളോ താരസംഘടനയോ മിണ്ടിയില്ല.

പിന്നീട് ഇവയുടെ സിഡികളും ഡിവിഡികളും ഇറങ്ങിയപ്പോൾ അതിലും സംഭവം ആവർത്തിച്ചു. വിഷയം ജീവൻ ടിവിയിലെ ഉണ്ണി രാമപുരം വാർത്തയാക്കി. ചില പത്രങ്ങളും. ഇതോടെ നടൻ ദിലീപ് ഫോണിൽ വിളിച്ചു. സ്ക്രിപ്റ്റിൽ എഴുതിയത് പറഞ്ഞതേ ഉള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമ നടപടികൾ സ്വീകരിക്കുമ്പോൾ ദിലീപിൻ്റെ ന്യായം കോടതിയിൽ പറയാമെന്ന് പറഞ്ഞപ്പോൾ പ്രസ്തുത സി ഡികളും ഡിവിഡികളും പിൻവലിക്കാമെന്ന് ഉറപ്പു നൽകി. സിഡികൾ പുറത്തിറക്കിയ മോസർ ബെയർ കമ്പനിയും ബന്ധപ്പെട്ടു. അതും പിൻവലിച്ചു. പിന്നെ ഒലിവ് ബുക്ക്സ് തിരക്കഥ പുറത്തിറക്കിയപ്പോൾ അതിലും അധിക്ഷേപം. രചന നടത്തിയ സിബി കെ തോമസിനെ കണ്ടു പിടിച്ചു പ്രതിഷേധം അറിയിക്കുകയും പ്രസാധകരായ ഒലിവ് ബുക്സിനെ കൊണ്ട് അവ മാറ്റിക്കുകയും ചെയ്തു. 


പിന്നീട് ചിത്രം സൂര്യാ ടിവിയിൽ പ്രദർശനത്തിന് വന്നപ്പോൾ അവിടെയും അധിക്ഷേപം. അന്ന് സൂര്യാ ടിവിയിൽ ചുമതലക്കാരനായ ഇപ്പോഴത്തെ നടൻ വിജയ് ബാബുവിനെ വിളിച്ച് പറഞ്ഞെങ്കിലും ധിക്കാരപൂർവ്വമായ നടപടിയാണ് സ്വീകരിച്ചത്. പിന്നീട് സൺ ടിവി മാനേജ്മെൻറുമായി ബന്ധപ്പെട്ട് ആ ഭാഗം ഒഴിവാക്കി.

എമ്പുരാൻ വിഷയത്തിൽ നടൻ മോഹൻലാൽ നിർവ്വാഹമില്ലാതെ ഖേദപ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഒരു പക്ഷേ അതിലും ഗുരുതരമായി മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് സാക്ഷ്യം വഹിച്ചിട്ടു 17 വർഷം പിന്നിട്ടിട്ടും ഒരക്ഷരം മിണ്ടിയിട്ടില്ല. ഭരണഘടനാപരമായി ഒരു പൗരൻ്റെ കടമയായ സ്വാതന്ത്ര്യത്തിന്റെ ഉദയത്തിന് കാരണമായ ആദർശപരമായ ആശയങ്ങളെ അധിക്ഷേപിച്ചവർക്കു, കൂട്ടു നിന്നവർക്കു രാജ്യത്തെ പരമമോന്നത സിവിലിയൻ ബഹുമതിയടക്കം വച്ചുനീട്ടുന്ന കാഴ്ചാണ് കണ്ടത്. 

ദേശസ്നേഹം കാണിക്കുന്ന സിനിമയിൽ അഭിനയിച്ചതിൻ്റെ പേരിൽ ആണത്രെ ലെഫ്റ്റനൻ്റ് കേണൽ പദവി നൽകിയത്. സന്ദീപ് ഉണ്ണിക്കൃഷ്ണനടക്കമുള്ള ധീരസൈനികരെ കാണിച്ച് യുവാക്കളെ സൈന്യത്തിലേയ്ക്ക് ആകർഷിക്കേണ്ടതിനു പകരം സിനിമയിലെ സൈനികനെ കാണിച്ച് സൈന്യത്തിലേയ്ക്ക് ആകർഷിക്കുന്ന നടപടി തികച്ചും അനുചിതമാണ്. 

പുതിയ സംഭവ വികാസങ്ങൾ ഉയർന്നപ്പോൾ പഴയ സംഭവം ഓർമ്മയിൽ വന്നപ്പോൾ അറിയാത്തവർക്കായി പങ്കുവച്ചതാണ് എബി കുറിയ്ക്കുന്നു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments