വിരമിക്കുന്ന അധ്യാപകർക്ക് ഹൃദയത്തിൽ നിന്നുള്ള ആദരവ് നൽകി കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ സഹപ്രവർത്തകർ.
കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരായ, എം യു ജെയിംസ്, സാബി ജേക്കബ്, കെ ടി സോഫി, സിസ്റ്റർ ലൂസി കുര്യൻ, സിനി ടി ജോസ്, എന്നീ അധ്യാപകർക്ക് സഹപ്രവർത്തകരുടെ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
കോട്ടയം അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ നിരവധി അധ്യാപകർ, വിരമിക്കുന്ന അധ്യാപകരുടെ കുടുംബാംഗങ്ങൾ, ബന്ധുമിത്രാദികൾ, സ്കൂൾ മാനേജ്മെന്റ്, പിടിഎ, എന്നിങ്ങനെ 500 ഓളം ആളുകൾ യാത്രയയപ്പ് സമ്മേളന പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ മാനേജർ ഫാദർ തോമസ് ആനിമൂട്ടിൽ ന്റെ അധ്യക്ഷതയിൽ ആണ് യാത്രയയപ്പ് സമ്മേളന പരിപാടി സംഘടിപ്പിച്ചത്.
വിരമിക്കൽ എന്നത് സർവീസ് കാലഘട്ടത്തിലെ സാങ്കേതികമായ ഒരു കാര്യമാണെന്നു മനസ്സിലാക്കി, സമൂഹത്തിൽ ചെയ്യാൻ സാധിക്കുന്ന ക്രിയാത്മകമായ നന്മ പ്രവർത്തികളും, അറിവ് നേടുകയും അറിവ് പകർന്നു കൊടുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും തുടരണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ സീമ സൈമൺ, വൈസ് പ്രിൻസിപ്പാൾ സുജ മേരി തോമസ്, സ്റ്റാഫ് സെക്രട്ടറിമാരായ ജോസ് മാത്യു, സി.ജെ. ബിജു, അധ്യാപകരായ മഞ്ജു ഫിലിപ്, മാത്യു ഫിലിപ്പ്, ജിനോ തോമസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം അധ്യാപകരുടെ, നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് അധ്യാപകരെയും, വിശിഷ്ട വ്യക്തികളെയും, വേദിയിലേക്ക് ആനയിച്ചത്.
വിരമിക്കുന്ന അധ്യാപകരുടെ, വ്യക്തിപരമായ നന്മകളും, കരിയറിലെ മികവുകളും ഓരോന്നായി എടുത്ത് പറഞ്ഞ് നിരവധി ആളുകൾ ആശംസ പ്രസംഗങ്ങൾ നടത്തുന്നതിനോടൊപ്പം തന്നെ വിരമിക്കുന്ന അധ്യാപകരും, അവരുടെ കുടുംബാംഗങ്ങളും, സ്കൂളിലെ അധ്യാപകരും നിരവധിയായ ഡാൻസ് പെർഫോമൻസുകൾ കാഴ്ചവച്ചു.
അധ്യാപിക പിങ്കി ജോയ് രചന നിർവഹിച്ച്, അധ്യാപകൻ സൈമൺ ജോയ് വരികൾ ചിട്ടപ്പെടുത്തിയ മംഗള ഗാനം സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ എല്ലാവരും ചേർന്നാണ് വേദിയിൽ ആലപിച്ചപ്പോൾ വിരമിക്കുന്ന അധ്യാപകരിൽ പലരും ആനന്ദ അസ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ സീമ സൈമൺ ക്നാനായ പാരമ്പര്യത്തിന്റെ ആചാരപ്രകാരം സദസ്സിനോട് മൂന്നുപ്രാവശ്യം ചോദിച്ച് അനുവാദം വാങ്ങി, കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചു കൊടുക്കുകയും ചെയ്തു.
വിരമിക്കുന്ന അധ്യാപകരുടെ ജീവിത ചരിത്രത്തെയും കരിയർ ചരിത്രത്തെയും, സംബന്ധിക്കുന്ന വീഡിയോ അവതരണവും വളരെയേറെ ശ്രദ്ധേയമായി.
തുടർന്ന് നിരവധിയായ കലാപരിപാടികളുടെ അവതരണവും നടന്നു.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി വിരമിക്കുന്ന അധ്യാപകരെ വീട്ടിൽ കൊണ്ടുപോയി വിടുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു
0 Comments