അപകടങ്ങള്‍ തുടര്‍ക്കഥയായ ചെമ്മണ്ണാര്‍ – ഗ്യാപ്പ് റോഡില്‍ ബൈസണ്‍വാലി ചൊക്രമുടിക്ക് സമീപം പാറക്കടയില്‍ ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. മലപ്പുറം ചങ്ങരംകുളം സ്വദേശി റഷീദ് (18) ആണ് മരിച്ചത്.
മലപ്പുറം ചങ്ങരകുളം സ്വദേശി സുജിത്തി (18) നാണ് സാരമായി പരുക്കേറ്റത്. റഷീദിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സുജിത്ത് അടിമാലി ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നാണ് അപകടമുണ്ടായത്. സഹപാഠികളായ നാലംഗ സംഘം രണ്ടു ഇരുചക്ര വാഹനങ്ങളിലാണ് മലപ്പുറത്തു നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.
മൂന്നാറും ചിന്നക്കനാലും സന്ദര്‍ശിച്ച ശേഷം ചെമ്മണ്ണാര്‍ – ഗ്യാപ്പ് റോഡു വഴി ബൈസണ്‍വാലിക്ക് ഇറങ്ങി വരവെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റഷീദ് മരിച്ചിരുന്നു.
രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ചെമ്മണ്ണാര്‍ – ഗ്യാപ്പ് റോഡ് നിര്‍മ്മാണത്തിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നടക്കുന്ന 31മത് വാഹനാപകടമാണിത്. വിവിധ വാഹന അപകടങ്ങളിലായി ഇതുവരെ 11 മരണങ്ങളാണ് ഇവിടെ സംഭവിച്ചത്.
0 Comments