ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന വണ്ണപ്പുറം പഞ്ചായത്തിലെ അമ്പലപ്പടി ബസ് സ്റ്റാന്‍ഡിലെ ശൗചാലയം തകര്‍ന്നടിഞ്ഞ നിലയില്‍. നിത്യേന നിരവധി ബസുകളും യാത്രക്കാരും എത്തുന്ന ശൗചാലയത്തിന്റെ വാതിലുകളും മേല്‍ക്കൂരയും തകര്‍ന്നു കിടക്കുകയാണ്. സെപ്ടിക്ക് ടാങ്കിന്റെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നത് മൂലം അപകടം ക്ഷണിച്ച് വരുത്തുന്ന വിധത്തിലുമാണുള്ളത്.
15 ബസുകള്‍ സ്റ്റാന്‍ഡില്‍ എത്തി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതില്‍ പലതും രാത്രിയില്‍ പാര്‍ക്ക് ചെയ്യുന്നതും ഇവിടെയാണ്. ഇതിലെ 45 ഓളം ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പരിസരത്തെ കുറ്റിക്കാടുകളും ഹോട്ടലുകളും ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന വനിതാ യാത്രക്കാരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്.
ബസ് സ്റ്റാന്‍ഡ് പ്രധാന റോഡില്‍ നിന്നും ഏറെ ഉള്ളിലേയ്ക്കായതിനാല്‍ ഇവിടെ എത്തിയാല്‍ പ്രാഥമികാവശ്യം നടത്തണമെങ്കില്‍ ഏതെങ്കിലും ഹോട്ടലുകളോ, പെട്രോള്‍ പമ്പോ അന്വേഷിച്ച് ഒരു കിലോമീറ്റര്‍ എങ്കിലും നടക്കണം. സെപ്ടിക് ടാങ്ക് തകര്‍ന്നത് ഭാരം കൂടിയ വാഹനം കയറിയിറങ്ങിയതിനാലാണെന്നും,
ഇതുമായി ബന്ധപ്പെട്ട് വണ്ണപ്പുറം പഞ്ചായത്ത് അധികൃതര്‍ തൊടുപുഴ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കാളിയാര്‍ പോലീസിനും പരാതിനല്‍കിയുട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
അമ്പലപ്പടി ബസ് സ്റ്റാന്‍ഡില്‍ ആധുനീക നിലവാരത്തിലുള്ള പുതിയ ടോയ്ലറ്റ് സമുച്ചയം പണിയാന്‍ ഒമ്പത് ലക്ഷം രൂപ ഈ വര്‍ഷത്തെ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ ഇതിന്റെ പണി തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എ ബിജു പറഞ്ഞു.
0 Comments