പാലാ മീനച്ചിലിൽ കിണർ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി പാറയും മൺതിട്ടയും ഇടിഞ്ഞു വീണ് മരണമടഞ്ഞു... കമ്പം രംഗനാഥപുരം മുനിസിപ്പൽ കൗൺസിലർ കൂടിയായ രാമൻ ആണ് മരിച്ചത്
ടി.എൻ. രാജൻ പാലാ
തമിഴ്നാട് കമ്പം സ്വദേശി രാമൻ(48) ആണ് മരിച്ചത്. കിണറിനുള്ളിൽ നാലു തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിഫലമായതോടെ കയറിൽ തൂങ്ങി മൂന്നു പേർ കരയ്ക്ക് കയറി.
കമ്പം സ്വദേശികളായ സതീഷ്, സുരേഷ്, ബാലമുരുകൻ എന്നിവരാണ് രക്ഷപ്പെട്ടത്.കിണറിന് മുകളിലും മൂന്നു പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട്
ഭാഗത്താണ് അപകടമുണ്ടായത്.
കമ്പം പി.രംഗനാഥപുരം നഗരസഭ കൗൺസിലറാണ് മരിച്ച രാമൻ. അഞ്ച് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ വൈകിട്ട് 6.15 ഓടെ മൃതദേഹം പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ജില്ലാ ഫയർ ഓഫീസർ റെജി ബി. കുര്യാക്കോസിന്റെ നേതൃത്വത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് എത്തി. ആർഡിഒ ദീപ കെ.പി,
ഡിവൈ.എസ്പി കെ.സദൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഷറഫ്കുട്ടിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ടീം എമർജൻസി കേരളയുടെ 15 അംഗ സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് എത്തി.
മീനച്ചിൽ പഞ്ചായത്ത് 11-ാം വാർഡിലെ വട്ടോത്തുകുന്നേൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മിച്ച കിണറാണിത്.
പദ്ധതി മാർച്ച് മാസത്തോടെ കമ്മീഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി കിണറിന് ആഴം കൂട്ടി കോൺക്രീറ്റ് വളയങ്ങൾ ഇറക്കുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ.
ഇന്നലെ അവസാനവട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇവർ. ധനം ആണ് മരിച്ച രാമൻ്റെ ഭാര്യ. മക്കൾ: സൂര്യ,സതീഷ്
0 Comments