പാലാ സെന്റ് ജോസഫ്‌സ് ഓട്ടോണോമസിനെ നയിക്കാൻ മോൺ. ഡോ. ജോസഫ് തടത്തിൽ



പാലാ സെന്റ് ജോസഫ്‌സ് ഓട്ടോണോമസിനെ നയിക്കാൻ മോൺ. ഡോ. ജോസഫ് തടത്തിൽ 

സുനിൽ പാലാ 

പാലാ രൂപതയുടെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് & ടെക്‌നോളജി ഓട്ടോണമസിന്റെയും സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയുടെയും ചെയർമാനായി മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ ചുമതലയേറ്റു. നാളിതു വരെയുള്ള കർമ്മമേഖലകളിലെല്ലാം വൈദഗ്ധ്യം തെളിയിച്ച മോൺ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വം സെന്റ് ജോസഫ്‌സിനു പുത്തൻ ഉണർവ് പ്രദാനം ചെയ്യും. രൂപതയിൽ നിലവിലുള്ള ചുമതലകൾക്കു പുറമെയാണ് ഈ പദവി തടത്തിലച്ചനെ തേടിയെത്തിരിക്കുന്നത് . 2002 ൽ ആരംഭിച്ച പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിങ്ങ് ഓട്ടോണമസ് കോളേജിന്റെ നാലാമത്തെ ചെയർമാനാണ് മോൺ. ജോസഫ് തടത്തിൽ. 1988ൽ വൈദികപട്ടം സ്വീകരിച്ച മോൺ. ജോസഫ് തടത്തിൽ 1993ൽ റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 



ഷാലോം പാസ്റ്ററൽ സെന്ററിന്റെ ആദ്യ ഡയറക്ടർ, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ, രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ, വൊക്കേഷൻ ബ്യൂറോ ഡയറക്ടർ, ചെറുപുഷ്പമിഷൻലീഗ് ഡയറക്ടർ, രൂപത കോടതി നോട്ടറി, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിന്റെ പ്രഥമ റെക്ടർ, കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്‌ മറിയം ആർച്ച്‌ഡീക്കൻ തീർത്ഥാടനദൈവാലയത്തിന്റെ പ്രഥമ ആർച്ച്‌ പ്രീസ്റ്റ്, കുടക്കച്ചിറ, കാഞ്ഞിരത്താനം, ഉരുളികുന്നം പള്ളികളിലെ വികാരി, ളാലം പഴയ പള്ളി അസ്തേന്തി വികാരി, രൂപതയുടെ സിഞ്ചെല്ലൂസ് എന്നീ നിലകളിൽ പ്രവർത്തിച്ച  തടത്തിലച്ചൻ 2022 ഓഗസ്റ്റ് മുതൽ   പ്രോട്ടോസിഞ്ചെല്ലൂസായി സേവനം ചെയ്തുവരുന്നു.


 വടവാതൂർ മേജർ സെമിനാരിയിലും എം ഒ സിയിലും വിസിറ്റിംഗ് പ്രൊഫസറായ അച്ചൻ ദീർഘകാലം മംഗലപ്പുഴ സെമിനാരിയിലും കപ്പാട് ബനഡിക്ടൻ സെമിനാരിയിലും പഠിപ്പിച്ചിട്ടുണ്ട്. മാർ സ്ലീവാ മെഡിസിറ്റി ഗവേണിംഗ് ബോഡി മെമ്പർ ആയും ദീപിക ഡയറക്ടർ ബോർഡ് മെമ്പറായും സേവനം ചെയ്തുവരുന്ന അച്ചൻ പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്), പാലാ അൽഫോൻസാ കോളേജ്, സെന്റ് തോമസ് കോളേജ് ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജർ കൂടിയാണ്. 


2002 ൽ പ്രവർത്തനം ആരംഭിച്ച സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് ഓട്ടോണമസ് കോളേജിൽ 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് , സിവിൽ എഞ്ചിനിയറിംഗ്, കംപ്യുട്ടർ സയൻസ് & എഞ്ചിനിയറിംഗ് , കംപ്യുട്ടർ സയൻസ് & എഞ്ചിനിയറിംഗ് ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ), കംപ്യുട്ടർ സയൻസ് & എഞ്ചിനിയറിംഗ് ( സൈബർ സെക്യുരിറ്റി ), ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷൻ എഞ്ചിനിയറിംഗ് , ഇലക്ട്രോണിക്സ് & കമ്പ്യുട്ടർ എഞ്ചിനിയറിംഗ് , മെക്കാനിക്കൽ എഞ്ചിനിയറിംഗ് , ഇന്റഗ്രെറ്റഡ് എംസിഎ എന്നിവയാണ് ബിരുദപ്രോഗ്രാമുകളിലുള്ളത് . ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എംടെക്ക് പ്രോഗ്രാമുകളായ അഡ്വാൻസ്ഡ് മാനുഫാക്ച്ചറിംഗ് & പ്രൊഡക്ഷൻ മാനേജ്‌മെന്റ് , കമ്പ്യുട്ടർ സയൻസ് & എഞ്ചിനിയറിംഗ് , സ്ട്രക്ച്ചറൽ എൻജിനിയറിംഗ് & കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് , വിഎൽഎസ്‌ഐ & എംബെഡഡ് സിസ്റ്റംസ് , എംബിഎ , എംസിഎ എന്നിവയും ഏഴു ബ്രാഞ്ചുകളിൽ പി. എച്ച്. ഡി.യും ഉൾപ്പെടുന്നു. 



വർക്കിംഗ് പ്രൊഫഷണലുകൾക്കായി മൂന്ന് ബ്രാഞ്ചുകളിൽ  ബിടെക്കും എംടെക്കും നിലവിലുണ്ട്. നാക് അക്രഡിറ്റേഷനിൽ ആദ്യ സൈക്കിളിൽതന്നെ എ ഗ്രേഡ് കരസ്ഥമാക്കിയ സെന്റ് ജോസഫ്സിൽ സാധ്യമായ എല്ലാ ബ്രാഞ്ചുകളും എൻ ബി എ അക്രഡിറ്റേഷൻ നേടിയിട്ടുണ്ട്. കേരളസർക്കാർ ഏർപ്പെടുത്തിയ പ്രഥമ കിർഫ് റാങ്കിങ്ങിൽ എഞ്ചിനിയറിംഗ് കോളേജുകളുടെ വിഭാഗത്തിൽ ആദ്യ പത്തിൽ ഇടംനേടാനും സെന്റ് ജോസഫ്‌സിനായി. 


2010ൽ ആരംഭിച്ച സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി ‌ നാക് അക്രഡിറ്റേഷനിൽ ആദ്യ സൈക്കിളിൽ തന്നെ ബി ഗ്രേഡ് നേടുകയും ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ അംഗീകാരം നേടിയതുമാണ്. നാലു വർഷ ബിരുദപ്രോഗ്രാമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റാണ് ഇവിടെ നടത്തുന്നത്. 
മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനം മികവിന്റെ പാതയിൽ കൂടുതൽ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ മോൺ. ജോസഫ് തടത്തിലിന്റെ ക്രാന്തദർശിത്വവും ദീർഘവീക്ഷണവും സഹായിക്കുമെന്നതിൽ സംശയമില്ല.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments