പാലാ മീനച്ചിലിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി
ദുരൂഹ സാഹചര്യത്തില്‍ കാണാതായ വയോധികന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയതായി സൂചന.അസ്ഥികൂടത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ട് മരണപ്പെട്ടത് മാത്തച്ചന്‍ തന്നെയാണന്ന് ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൃത്യത വരുത്താന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
പാലാ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ മാത്യൂ തോമസ് (മാത്തച്ചന്‍-84) നെ കഴിഞ്ഞ ഡിസംബര്‍ 21 നായിരുന്നു വീടിനു സമീപത്തുനിന്നു കാണാതായത്.
കുമ്പാനിയിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി മേവട റൂട്ടില്‍ ഒരു കാറ്ററിങ് സ്ഥാപനത്തിനടുത്ത് ആള്‍താമസമില്ലാത്ത കൈത തോട്ടത്തില്‍ ഇന്ന് സന്ധ്യയോടെ പരിസരവാസികളാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പാലാ ഡി.വൈ.എസ്.പി കെ.സദന്‍,സി.ഐ ജോബിന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദൂരൂഹസാഹര്യത്തില്‍ എണ്‍പത്തിനാലുകാരനെ കാണാതായസംഭവം വിവാദമാവുകയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല.
മാത്തച്ചനും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്തച്ചന്‍ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കാണാതാകുമ്പോള്‍ മാത്തച്ചൻ്റെ കൈവശം മൊബൈല്‍ഫോണോ പണമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആരെങ്കിലും മനപ്പൂര്‍വ്വം മാത്തച്ചനെ തട്ടിക്കൊണ്ടു പോകാനാണ് സാധ്യതയെന്ന് നാട്ടില്‍ സംസാരമുണ്ടായിരുന്നു. സമീപവീടുകളില്‍ സി.സി.ടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. തുടര്‍ന്ന് ബന്ധുക്കൾ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു.
പോലീസ് തുടക്കത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു. പലവട്ടം പോലീസിനെ സമീപിച്ചുവെങ്കിലും സംഭവം കാണാതാകലില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള മാത്തച്ചന്‍ ഒരു കാരണവശാലും വീടുവിട്ടു പോവുകയില്ലെന്നും മരുന്നുകളൊന്നും കൈയില്‍ കരുതാത്തതിനാല്‍ ആരോഗ്യനില മോശമാകുമെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു.
0 Comments