കിടപ്പുരോഗിയെ പരിചരിക്കാൻ എത്തിയ ആൾ ബില്ലടയ്ക്കാൻ സൂക്ഷിച്ച കാശുമായി മുങ്ങിയതായി പരാതി. പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ കൊല്ലത്തു നിന്നും പിടികൂടി.
പാലാ മരിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടുപാലം സ്വദേശി ആരംപുളിക്കൽ ജോസഫിന്റെ പണമാണ് നഷ്ടമായത്. സംഭവത്തിൽ കൊല്ലം നെടുംമ്പന സ്വദേശി ജെയിംസ് ലൂക്ക് (55) ആണ് പിടിയിലായത്.
വീട്ടിൽ തെന്നിവീണ് അസ്ഥിയ്ക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് കിടപ്പിലായിരുന്നു ജോസഫ്. ഇദ്ദേഹത്തെ പരിചരിക്കാനാണ് സുഹൃത്ത് മുഖേന ജെയിംസിനെ ഒപ്പം നിർത്തിയത്.
ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ അടയ്ക്കുന്നതിനും ആശുപത്രി ആവശ്യത്തിനുമായി ഒരു ലക്ഷത്തോളം രൂപ ജോസഫിന്റെ കൈവശമുണ്ടായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ഈ പണം കൈക്കലാക്കി ജെയിംസ് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കൊല്ലത്ത് നിന്നും പിടികൂടുകയുമായിരുന്നു.
എസ്എച്ച്ഒ ജോബിൻ ആൻ്റണിയുടെ നേതൃത്വത്തിൽ എസ്.ഐ ബേബി ജോൺ, എഎസ്ഐമാരായ സുനിൽ, ജോബി, ജിനു എസ്, സിപിഒ അരുൺകുമാർ, സിപിഒ സിനേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments