ഗുരുദേവദര്‍ശനങ്ങളിലൂന്നിയുള്ള ഖുറാന്‍ വ്യാഖ്യാനം ലക്ഷ്യം - മുസ്തഫ മൗലവി


സുനില്‍ പാലാ

ഗുരുദേവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് ഖുറാന് മാനവിക വ്യാഖ്യാനം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായി പ്രമുഖ പ്രഭാഷകനും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയുമായ സി.എച്ച്. മുസ്തഫ മൗലവി പറഞ്ഞു.

പാലാ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രോത്സവ വേദിയില്‍ പ്രഭാഷണത്തിനെത്തിയ മുസ്തഫ മൗലവി സംസാരിക്കുകയായിരുന്നു.


ഗുരുദേവ ദര്‍ശനങ്ങള്‍ തനിക്ക് മനസ്സിലായതിന് ശേഷമാണ് വൈജ്ഞാനിക രംഗത്തെ ഖുറാന്റെ ആഴവും പരപ്പും തനിക്ക് മനസ്സിലായതെന്നും മുസ്തഫ മൗലവി പറഞ്ഞു. ഗുരുദേവന്റെ അനുകമ്പാ ദശകത്തില്‍ നബി തിരുമേനി മുതല്‍ ക്രിസ്തുദേവനും ശ്രീബുദ്ധനും ആദിശങ്കരനും കൃഷ്ണനും തിരുവള്ളുവരും ഒട്ടേറെ അവദൂതന്‍മാരുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. അവരെയെല്ലാം കരുണയുടെയും അനുകമ്പയുടെയും സ്‌നേഹത്തിന്റെയും മൂര്‍ത്തിമദ്ഭാവമായാണ് ശ്രീനാരായണ ഗുരുദേവന്‍ കണ്ടത്. മറ്റനേകം ആത്മീയ ചിന്തകര്‍ അവരവരുടെ മതത്തെക്കുറിച്ചുള്ള നല്ലകാര്യങ്ങള്‍ വ്യാഖ്യാനിച്ചപ്പോള്‍ ഗുരുദേവന്‍ എല്ലാ മതങ്ങളുടെയും സത്‌സാരാംശങ്ങളെയാണ് ചൂണ്ടിക്കാട്ടിയത്. ഇത് ലോകത്ത് മറ്റൊരു ഗുരുവും ചെയ്യാത്ത മാതൃകാപരമായ പ്രവര്‍ത്തിയാണെന്നും മുസ്തഫാ മൗലവി പറഞ്ഞു.

പെരിന്തല്‍മണ്ണയിലുള്‍പ്പെടെ വിവിധ മുസ്ലീംപള്ളികളില്‍ ഇമാമും ഖാസിയുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുള്ള മുസ്തഫ മൗലവി അറബിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. ഗുരു നിത്യചൈതന്യയതിയുമായുള്ള ബന്ധമാണ് ശ്രീനാരായണ ഗുരുദേവനിലേക്ക് ആകൃഷ്ടനാകാന്‍ കാരണം. തുടര്‍ന്ന് മുനി നാരായണ പ്രസാദ് സ്വാമിയില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ലോകമെമ്പാടുമുള്ള വേദികളില്‍ പ്രഭാഷണം നടത്തിവരികയാണ്. ഭാര്യയും നാല് മക്കളുമുണ്ട്.

അനുഭവങ്ങളൊട്ടേറെ

തിരുവമ്പാടിയില്‍ ഒരു വീട്ടില്‍ ഞാന്‍ ഗുരുദേവ ദര്‍ശനത്തെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ടായിരുന്നു. അവിടുത്തെ ഒരു കൊച്ചുകുട്ടി യു.പി. സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഒരു ദിവസം സ്‌കൂളില്‍ ഒരു സഹപാഠി ആ വിദ്യാര്‍ത്ഥിയെ പെന്‍സില്‍കൊണ്ടൊന്ന് കുത്തി. കൈ മുറിഞ്ഞു. കാര്യങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടു. കുത്തിയ വിദ്യാര്‍ത്ഥിയെയും മാതാപിതാക്കളെയും പിറ്റേന്ന് ടീച്ചര്‍മാര്‍ വിളിച്ചുവരുത്തി. കുത്തുകൊണ്ട കുട്ടിയെയും കൊണ്ടുവന്നു. കുത്തുകൊടുത്ത വിദ്യാര്‍ത്ഥിയെ ചൂരലിന് രണ്ടടി കൊടുക്കാന്‍ ഹെഡ്മാസ്റ്റര്‍ തുനിഞ്ഞയുടനെ കുത്തുകൊണ്ട വിദ്യാര്‍ത്ഥി അത് വിലക്കിക്കൊണ്ട് പറഞ്ഞു; ''സാറേ അവനെ അടിക്കരുത്. ഞാന്‍ കാരണം അവന് വേദനയുണ്ടാവരുത്'' അമ്പരന്ന അധ്യാപകന്‍ നീയെന്താണിങ്ങനെ പറയാന്‍ കാരണമെന്ന് തിരക്കി; ''സാറേ എന്റെ വീട്ടില്‍ ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ച് ഒരു മൗലവി സാര്‍ ക്ലാസെടുക്കുന്നുണ്ട്. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നാണ് ഗുരുദേവന്‍ പഠിപ്പിച്ചിട്ടുള്ളതെന്ന് മൗലവിസാര്‍ പറഞ്ഞു. ഞാന്‍ കാരണം എന്റെ കൂട്ടുകാരന് വേദനയുണ്ടാവരുത്''. കുട്ടിയുടെ ഈ മറുപടിയെപ്പറ്റിയും നടന്ന സംഭവങ്ങളെപ്പറ്റിയും അടുത്തയാഴ്ച ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ താന്‍ അറിഞ്ഞുവെന്നും കേട്ടപാതി കണ്ണ് നിറഞ്ഞുവെന്നും മുസ്തഫ മൗലവി പറഞ്ഞു. 


ഒരിക്കല്‍ കോഴിക്കോടൊരു പ്രഭാഷണം കഴിഞ്ഞ് ഹോട്ടലില്‍ വിശ്രമിക്കവെ അവിടെ പ്രഭാഷണം കേട്ട എഴുപത് വയസ്സുള്ള ഒരു സ്ത്രീ വിളിച്ചു. സാറിനെ ഒന്ന് കാണാന്‍ വരികയാണെന്ന് പറഞ്ഞു. അവര്‍ ഹോട്ടലിലെത്തി, ഭര്‍ത്താവ് വിവാഹ വേളയില്‍ തന്നെ അണിയിച്ച സ്വര്‍ണ്ണമോതിരമൂരി മൗലവിക്ക് സമ്മാനിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണമടഞ്ഞിരുന്നു. ഗുരുദേവനെക്കുറിച്ച് അങ്ങയുടെ വാക്കുകള്‍ കേട്ടിട്ടും എന്റെ മനസ്സും കണ്ണും നിറഞ്ഞു. അതുകൊണ്ട് ഇതൊരു സമ്മാനമായി തരികയാണ്. ഗദ്ഗദകണ്ഠയായ ആ മുത്തശ്ശിയുടെ നേര്‍ചിത്രം ഇന്നും മുസ്തഫ മൗലവിയുടെ മനസ്സിലുണ്ട്. ''ഖുറാന്‍ അകംപൊരുള്‍'' എന്നൊരു പുസ്തക രചനയിലാണിപ്പോള്‍ ഇദ്ദേഹം. 
 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments